തന്റെ ജീവനക്കാർ ഉന്നയിച്ച ആശങ്കകളിൽ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നും, അവരുടെ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ടെക് കമ്പനി തങ്ങളുടെ ഓഫീസ് ആറ് മാസത്തിനുള്ളിൽ പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അടുത്തിടെ ഉയര്‍ന്നുവന്ന ഭാഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനമെന്ന് കമ്പനി ഉടമ പറയുന്നു. ഭാഷയുടെ പേരിലുള്ള അസംബന്ധങ്ങൾ തുടരുകയാണെങ്കിൽ, കന്നഡ സംസാരിക്കാത്ത തന്റെ ജീവനക്കാരെ അടുത്ത ഇരകളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് സംരംഭകനായ കൗശിക് മുഖർജി എക്സിൽ കുറിച്ചു.
തന്റെ ജീവനക്കാർ ഉന്നയിച്ച ആശങ്കകളിൽ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്നും, അവരുടെ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ചന്ദ്രാപുരയിലുള്ള എസ്ബിഐ ശാഖയിൽ അടുത്തിടെ നടന്ന ഒരു സംഭവത്തെ തുടർന്നാണ് അദ്ദേഹംത്തിന്റെ ആലോചന.ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലെ സൂര്യ നഗരയിലുള്ള എസ്‌ബിഐ ബ്രാഞ്ചിലാണ് സംഭവം നടന്നത്. എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ 'ഇത് കർണാടകയാണ്' എന്ന് യുവാവ് ഓർമിപ്പിച്ചപ്പോൾ 'ഇത് ഇന്ത്യയാണ്' എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി. 'ഇത് കർണാടകയാണ്' എന്ന് ഉപഭോക്താവ് പറഞ്ഞപ്പോൾ 'നിങ്ങളല്ല എനിക്ക് ജോലി തന്നത്' എന്നായിരുന്നു എസ്ബിഐ മാനേജരുടെ പ്രതികരണം.
'ആദ്യം കന്നഡ മാഡം' എന്ന് യുവാവ് വീണ്ടും പറഞ്ഞപ്പോൾ 'ഞാൻ നിങ്ങൾക്കായി കന്നഡ സംസാരിക്കില്ല' എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോൾ 'നിങ്ങൾ ഒരിക്കലും കന്നഡയിൽ സംസാരിക്കില്ലേ?' എന്ന് കസ്റ്റമർ ആവർത്തിച്ചു ചോദിച്ചു. 'ഇല്ല ഞാൻ ഹിന്ദിയിൽ സംസാരിക്കും' എന്ന് മാനേജർ ശഠിച്ചു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആർബിഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓർമിപ്പിച്ചു.
എന്നിട്ടും 'ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്ന് ബാങ്ക് മാനേജർ ആവർത്തിച്ചു. 'സൂപ്പർ, മാഡം, സൂപ്പർ' എന്ന് ഉപഭോക്താവ് പരിഹസിച്ചു. ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനേജർക്കെതിരെ നടപടി ആവശ്യം ഉയർന്നു. തർക്കം വൈറലായതോടെ ബാങ്ക് മാനേജരെ സ്ഥലം മാറ്റിയിരിക്കുകയാണ് എസ്ബിഐ.
വ്യാപകമായ പ്രതിഷേധം നേരിട്ടതിനെ തുടർന്ന്, ഉദ്യോഗസ്ഥ പിന്നീട് വീഡിയോ സന്ദേശത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. നിരവധി നേതാക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നേരത്തെ ഈ വീഡിയോ പങ്കുവെക്കുകയും മാനേജരുടെ പെരുമാറ്റം "അസ്വീകാര്യമാണെന്ന്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതിനോടുള്ള പ്രതികരണമായിട്ടായിരുന്നു കൗശിക് മുഖർജിയുടെ പോസ്റ്റ്.


