'പക്ഷേ ഒരു കാര്യമുണ്ട് സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലായാലും കർണാടകയിലായാലും മറ്റേതെങ്കിലും സംസ്ഥാനത്തിലായാലും ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരോടും, നിങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ കുട്ടികളെ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്ന സ്കൂളുകളിലാണോ ചേർക്കുന്നത്, അതോ അവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണോ പഠിക്കുന്നത്?'
ഹിന്ദി സംസാരിച്ചതിന്റെ പേരിൽ തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെട്ടു എന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി ഗൂഗിൾ ടെക്കി. ബംഗളൂരു ആസ്ഥാനമായുള്ള വ്യക്തിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞദിവസം വണ്ടി പാർക്ക് ചെയ്യുന്നതിനായി ഒരു വ്യക്തിയോട് ഹിന്ദിയിൽ വാഹനം അല്പം മാറ്റാമോ എന്ന് ചോദിച്ചുവെന്നും എന്നാൽ അദ്ദേഹത്തിന് അത് മനസ്സിലാകാത്തതിനാൽ തന്നോട് പ്രതികരിക്കാതിരിക്കുകയും അതുമൂലം തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെടുകയും ചെയ്തു എന്നുമാണ് ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇന്ത്യയിൽ ഇപ്പോൾ എല്ലാവർക്കും സുപരിചിതമായ ഭാഷ ഇംഗ്ലീഷ് ആണെന്നും അതിനാൽ ഇംഗ്ലീഷ് നിർബന്ധിത ഭാഷയാക്കണം എന്നും ഇദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
അർപിത് ഭയാനി എന്ന ബംഗളൂരു ടെക്കിയുടെ ലിങ്ക്ഡ്ഇനിലെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിൻറെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; "ഇന്ന്, ഹിന്ദിയിൽ വാഹനം അല്പം മാറ്റാൻ ആവശ്യപ്പെട്ടതിനാൽ എനിക്ക് പാർക്കിംഗ് അവസരം നഷ്ടമായി. സംഭവിച്ചതിൽ എനിക്ക് കുഴപ്പമില്ല, പക്ഷേ ഒരു കാര്യമുണ്ട് സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലായാലും കർണാടകയിലായാലും മറ്റേതെങ്കിലും സംസ്ഥാനത്തിലായാലും ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരോടും, നിങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ കുട്ടികളെ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്ന സ്കൂളുകളിലാണോ ചേർക്കുന്നത്, അതോ അവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണോ പഠിക്കുന്നത്? നമ്മൾ എല്ലായിടത്തും ഇംഗ്ലീഷിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. അപ്പോൾ എന്തുകൊണ്ട് ഇംഗ്ലീഷ് ഒരു നിർബന്ധിത ഭാഷയാക്കിക്കൂടാ? ഒരു പരിധിവരെ എല്ലാവർക്കും അറിയാവുന്ന ഭാഷയാകുമ്പോൾ അത് നമ്മുടെ ജീവിതത്തെ ലളിതമാക്കും."
മാതൃഭാഷയേക്കാൾ ഇംഗ്ലീഷിൽ സംസാരിക്കാൻ യുവതലമുറയ്ക്ക് കൂടുതൽ സൗകര്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നമുക്ക് ചുറ്റുമുള്ള പലരും ഇതിനോടകം തന്നെ ഇംഗ്ലീഷിൽ ചിന്തിക്കാൻ പോലും ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറൽ ആയതോടെ ഒരാൾ കമൻറ് സെക്ഷനിൽ പിന്നെ നിങ്ങൾ എന്തുകൊണ്ട് ഇംഗ്ലീഷിൽ ആ വ്യക്തിയോട് സംസാരിച്ചില്ല എന്ന് ചോദ്യമുയർത്തി. അതിന് അർപിത് ഭയാനി നൽകിയ മറുപടി താൻ ഇംഗ്ലീഷിൽ ചോദിച്ചുവെന്നും പക്ഷേ താൻ ഹിന്ദിയിൽ സംസാരിച്ച ആ നിമിഷം തന്നെ ആ വ്യക്തിക്ക് തന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം ഇല്ലാതായെന്നു മനസ്സിലായതിനാൽ പിന്നീട് വിഷയം കൂടുതൽ മോശമാക്കാതെ താൻ 15 മീറ്റർ മാറ്റി വാഹനം പാർക്ക് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചെന്നും ആയിരുന്നു. ഏതായാലും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഭാഷയുമായി ബന്ധപ്പെട്ട പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.


