ബെംഗളൂരു: പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ അറിയില്ലെന്ന്  കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളി. അദ്ദേഹം ഇന്ന് നേതൃത്വത്തെ കണ്ട് വിശദീകരണം നല്‍കും. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മന്ത്രിപദം രാജിവച്ചു രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും മന്ത്രി പറഞ്ഞു. 

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയോട് രാജി വെക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചെന്നു സൂചനയുണ്ട്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യുവതിയും കുടുംബവും ബെംഗളൂരു കമ്മീഷണര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും അറിയിച്ചു. 

ജെഡിഎസ് - കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയിലേക്ക് കൂറുമാറിയെത്തിയവരില്‍ പ്രമുഖനാണ് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ രമേശ് ജര്‍ക്കിഹോളി. നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷന്‍ ദിനേശ് കലഹള്ളിയാണ് മാധ്യമങ്ങള്‍ക്ക് വീഡിയോ അടങ്ങിയ സിഡി വാര്‍ത്താ സമ്മേളനം നടത്തി നല്‍കിയത്.