'ഞാന്‍ സീനിയര്‍ നേതാവല്ലേ? ഇനിയും കൈകൂപ്പി വോട്ട് ചോദിക്കണോ?'

ഭോപ്പാല്‍: സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ മിക്ക പാര്‍ട്ടികളിലും അതൃപ്തി പുകയാറുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ താന്‍ ഹാപ്പിയല്ല എന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറയുന്നത്. മത്സരിക്കാന്‍ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്നും ലിസ്റ്റില്‍ തന്‍റെ പേര് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയാണ് പറഞ്ഞത്.

തന്റെ അനുയായികളെ അഭിസംബോധന ചെയ്യവേ 67 കാരനായ നേതാവ് പറഞ്ഞതിങ്ങനെ- "ഞാൻ ഒട്ടും സന്തുഷ്ടനല്ല, ഞാൻ സത്യം പറയുന്നു, എനിക്ക് മത്സരിക്കാൻ ആഗ്രഹമില്ല, ഒരു ശതമാനം പോലും. ഞാനിപ്പോൾ മുതിര്‍ന്ന നേതാവാണ്, ഇനിയും കൈകൂപ്പി വോട്ട് ചോദിക്കണോ?"

വിജയ്‌വർഗിയ ഇൻഡോർ-1 നിയമസഭാ സീറ്റിൽ നിന്നാണ് മത്സരിക്കുക. അദ്ദേഹം നേരത്തെ ഇൻഡോർ മേയറായും മധ്യപ്രദേശ് സർക്കാരിൽ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മകൻ ആകാശ് ഇൻഡോർ-3 സീറ്റിൽ സിറ്റിംഗ് എംഎൽഎയാണ്.

"ഞാൻ എട്ട് പൊതുയോഗങ്ങൾ ആസൂത്രണം ചെയ്തിരുന്നു- അഞ്ച് എണ്ണം ഹെലികോപ്റ്ററില്‍ സഞ്ചരിച്ചും മൂന്ന് എണ്ണം കാറില്‍ എത്തിയും. എന്നാൽ നിങ്ങൾ കരുതുന്നത് ഒരിക്കലും സംഭവിക്കില്ല. ദൈവഹിത പ്രകാരമാണ് സംഭവിക്കുന്നത്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വീണ്ടും ജനങ്ങളിലേക്ക് മടങ്ങണമെന്നും ഈശ്വരന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സ്ഥാനാര്‍ത്ഥിയാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല"- വിജയ്‌വർഗിയ പറഞ്ഞു.

അതേസമയം മാധ്യമങ്ങളോട് വിജയ്‌വർഗിയ പറഞ്ഞത് പാർട്ടി തന്നെ വീണ്ടും മത്സരിക്കാനായി തെരഞ്ഞെടുത്തതിൽ താൻ ഭാഗ്യവാനാണെന്നാണ്. പാർട്ടിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ താന്‍ ശ്രമിക്കുമെന്നും വിജയവർഗിയ പറഞ്ഞു. നിലവിൽ കോൺഗ്രസ് എംഎല്‍എ സഞ്ജയ് ശുക്ലയാണ് ഇൻഡോർ-1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലെന്ന് വിജയ്‌വർഗിയ വിമര്‍ശിച്ചു.