ബെംഗളുരു: എന്ത് ഭക്ഷണം കഴിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചില വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള പാര്‍ട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. താന്‍ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല.

എന്ത് കഴിക്കണം എന്നുള്ളത് എന്‍റെ അവകാശമാണ് അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. എനിക്ക് കന്നുകാലി മാംസം ഇഷ്ടമാണ് അതുകൊണ്ടാണ് കഴിക്കുന്നതെന്നും സിദ്ധരാമയ്യ വിശദമാക്കുന്നു. ഇത്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ വിമുഖത കാണിക്കുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒപ്പമുള്ളവര്‍ തന്നെ തിരിച്ചടികള്‍ ഭയന്നാണ് ഈ വിഷയം ചര്‍ച്ച ചെയ്യാത്തതെന്നും സിദ്ധരാമ്മയ്യ പറയുന്നു.  മറ്റുള്ളവര്‍ എന്താണ് ശരിയെന്ന് പറയുന്നത് എന്നതിനേക്കുറിച്ചാണ് ആളുകള്‍ ആശങ്കപ്പെടുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്ന് പുറത്ത് വരണമെന്നും സിദ്ധരാമയ്യ പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞു.

ഗോവധ നിരോധന നിയമം വന്നാല്‍ പ്രായമായ പശുക്കളെ കര്‍ഷകര്‍ എത് ചെയ്യണം. ഒരു കന്നുകാലിയെ പരിപാലിക്കാന്‍ കുറഞ്ഞത് നൂറ് രൂപയെങ്കിലും നിത്യേന ചെലവിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ പണം ആര് നല്‍കും. ഗോവധ നിരോധന നിയമം പാസാക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് സിദ്ധരാമയ്യയുടെ രൂക്ഷ വിമര്‍ശനം എത്തുന്നത്.