ദില്ലി: ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‍‍രിവാളിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് വാഹനത്തിന് പുറകിൽ 'ഐ ലവ് കെജ്‍‍രിവാള്‍' എന്ന പോസ്റ്റർ ‌പതിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് പിഴ ചുമത്തി ദില്ലി പൊലീസ്. ജനുവരി 15നാണ് ഓട്ടോ ഡ്രൈവറായ രാജേഷിന് ദില്ലി പൊലീസ് 1000 രൂപ പിഴ ചുമത്തിയത്. തനിക്കെതിരെ പിഴ ചുമത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജേഷ് കോടതിയെ സമീപിച്ചു.

രാജേഷിന്റെ ഹർ‌ജി പ​രി​ഗണിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസ് നവീൻ ചൗള സംഭവത്തിൽ ദില്ലി സർക്കാർ, പൊലീസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരസ്യം പതിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവർക്ക് പിഴ ചുമത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൗൺസിൽ പ്രതികരിച്ചു. അതേസമയം, തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളി രാജേഷിന്റെ അഭിഭാഷകൻ രംഗത്തെത്തി.

അതൊരു രാഷ്ട്രീയ പരസ്യം ആയിരുന്നില്ലെന്നും ആണെങ്കിൽ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചെലവിൽ അല്ല രാജേഷ് പോസ്റ്റർ പതിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഒരു വ്യക്തിയുടെ കയ്യിൽനിന്ന് പണം ചെലവഴിച്ച് പോസ്റ്റർ പതിച്ചത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2018ൽ ദില്ലി സർക്കാർ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഓട്ടോ അടക്കമുള്ള വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യം പതിക്കാവുന്നതാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

'ഐ ലവ് കെജ്‍‍രിവാള്‍', 'സിര്‍ഫ് കെജ്‍‍രിവാള്‍' തുടങ്ങിയ സ്റ്റിക്കറുകളാണ് രാജേഷ് തന്റെ ഓട്ടോറിക്ഷയ്ക്ക് പുറകിലായി പതിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു പോസ്റ്ററുകൾ ഓട്ടോയിൽ പതിച്ചിരുന്നത്. ജനുവരി 15ന് അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് ട്രാഫിക് പൊലീസ് രാജേഷിന് 10000 രൂപയുടെ ചലാൻ പിഴയടക്കണമെന്നാവശ്യപ്പെട്ട് നൽകുന്നത്. ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‍രിവാളിനെയും പിന്തുണച്ചുക്കൊണ്ടുള്ള പരസ്യം പതിച്ചെന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയതെന്നും രാജേഷ് പറഞ്ഞു.

ജനുവരി 14ആണ് ദില്ലിയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് വോട്ടെണ്ണും.