Asianet News MalayalamAsianet News Malayalam

ഐ ഫോണ്‍ നിര്‍മ്മാണ ശാല അടിച്ച തകര്‍ത്ത സംഭവം: 125 തൊഴിലാളികള്‍ അറസ്റ്റില്‍

തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാര്‍ ജില്ലയിലെ ഫാക്ടറിയാണ് ആയിരത്തോളം വരുന്ന തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്.
 

i phone plant attack: 125 employees arrested
Author
Bengaluru, First Published Dec 13, 2020, 5:20 PM IST

ബെംഗളൂരു: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ 125 തൊഴിലാളികള്‍ പൊലീസ് പിടിയില്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. വാഗ്ദാനം ചെയ്ത വേതനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് കൊലാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സത്യഭാമ പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് കമ്പനി ഗണ്യമായ കുറവ് വരുത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിമാസം 21000 രൂപയായിരുന്നു വാഗ്ദാനം. എന്നാല്‍ ആദ്യം 16000മായും പിന്നീട് 12000മായും കുറച്ചു. 11000 രൂപ പറഞ്ഞ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വെറും 5000 മാത്രമാണ് നല്‍കിയത്. ഈ കുറഞ്ഞ ശമ്പളം നല്‍കുന്നതിന് തന്നെ സ്ഥിരതയുണ്ടായിരുന്നില്ല. മാനേജീരിയല്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. എന്നാല്‍ രാത്രിയും പകലുമായി 12 മണിക്കൂര്‍ ജോലി ചെയ്താലും ഓവര്‍ ടൈം കൂലി നല്‍കിയില്ല. ജോലി സാഹചര്യവും ഭക്ഷണവും ഗുണനിലവാരമില്ലാത്തതായിരുന്നു.

ഏറെക്കാലമായി പ്രശ്‌നങ്ങളെ സംബന്ധിച്ച് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കുന്നു. എന്നാല്‍ ഇതുവരെ ഒന്നിനും പരിഹാരമായില്ല. ചെയ്യുന്ന ജോലിക്ക് അനുസരിച്ച് കൂലി ലഭിക്കുന്നില്ല. വെള്ളിയാഴ്ചയാണ് ശമ്പളം ലഭിച്ചത്. കുറഞ്ഞ കൂലിയോടൊപ്പം ഷിഫ്റ്റില്‍ മാറ്റം വരുത്തിയത് തൊഴിലാളികളില്‍ ചിലരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. തുടര്‍ന്ന് എച്ച് ആറുമായി വാക്കേറ്റമുണ്ടാകുകയും ആക്രമത്തിലേക്ക് എത്തുകയും ചെയ്‌തെന്ന് തൊഴിലാളികള്‍ പറയുന്നു. കമ്പനിയും റിക്രൂട്ട്‌മെന്റ് ഏജന്‍സിയും തമ്മിലുള്ള ധാരണപിശകാണ് ശമ്പള പ്രശ്‌നമുണ്ടാകാന്‍ കാരണമെന്നും പറയുന്നുണ്ട്. 

തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാര്‍ ജില്ലയിലെ ഫാക്ടറിയാണ് ആയിരത്തോളം വരുന്ന തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്. രാവിലെ ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറത്തിറങ്ങിയ ആയിരത്തോളം തൊഴിലാളികളാണ് വീണ്ടും അകത്തേക്ക് സംഘടിച്ചെത്തി ഫാക്ടറി തല്ലി തകര്‍ത്തത്. കമ്പനിയിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 43 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പതിനായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോലാറിലെ ഫാക്ടറിയിലാണ് ദക്ഷിണേന്ത്യയിലേക്കുള്ള ആപ്പിള്‍ ഐഫോണിന്റെ ചില മോഡലുകളും ഉപകരണങ്ങളും നിര്‍മിക്കുന്നത്.

Follow Us:
Download App:
  • android
  • ios