ദില്ലി: കർഷകരോടൊപ്പം തന്നെയെന്ന് ആവർത്തിച്ച് ഗ്രേറ്റ തൻബർഗിന്റെ ട്വീറ്റ്. അവരുടെ സമാധാന സമരത്തെ പിന്തുണക്കുന്നു. വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ മൂലം അതിൽ മാറ്റം വരുത്തില്ലെന്നും ഗ്രേറ്റ പുതിയ ട്വീറ്റിൽ പറയുന്നു.

അതേസമയം ഗ്രേറ്റ തൻബർഗിനെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാർഷിക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിലാണ് നടപടി.വിദ്വേഷം പ്രചാരണം, ഗൂഢാലോചന  എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം. 

കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ എംബസികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ അടക്കമുള്ളവയ്ക്ക്  ആഹ്വാനം നൽകുന്ന ഉള്ളടക്കമുള്ള സന്ദേശം ഗ്രേറ്റ ട്വീറ്റിൽ പങ്കുവച്ചിരുന്നു.

ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്‍റെ ലഘുലേഖയായിരുന്നു ഇത്. ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതാണ് ഈ ലഘുലേഖ.  പിന്നീട്  ഗ്രേറ്റ ട്വീറ്റിൽ നിന്ന് ഈ ലഘുലേഖ മാറ്റി മറ്റൊന്ന് ചേർക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിശദമാക്കി ചെയ്ത ട്വീറ്റിലായിരുന്നു ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന അടങ്ങിയ ലഘുലേഖ ഉണ്ടായിരുന്നത്. സമരത്തിനായി ആഗോള തലത്തില്‍ സംയോജിപ്പിച്ച നടപടികള്‍ ജനുവരി 26 ന് മുന്‍പ് ആരംഭിച്ചതായാണ് ലഘുലേഖ വ്യക്തമാക്കിയിരുന്നത്.  

ആറ് പേജുള്ള ഗൂഗിള്‍ ഡോക്യുമെന്‍റിൽ ഒന്നുകില്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സമരം കണ്ടെത്താനോ അല്ലാത്ത പക്ഷം അത്തരത്തിലൊന്ന് സംഘടിപ്പിക്കാനോ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ എംബസികളുടെ പരിസരത്തോ തദ്ദേശീയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമോ അദാനി , അംബാനി കമ്പനികള്‍ക്ക് സമീപമോ സമരം സംഘടിപ്പിക്കണം. 

ഞങ്ങള്‍ 26-ലാണ് ശ്രദ്ധ ചെലുത്തുന്നത്. അതേസമയം മറ്റ് സമയങ്ങളില്‍ സാധിക്കുന്ന പോലെ നിങ്ങള്‍ സംഘടിക്കണം.  ഇത് അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും ഈ ലഘുലേഖയില്‍ പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഫെബ്രുവരി 13-14 തിയതികളില്‍ സമാനമായ മറ്റ് നടപടികള്‍ വേണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നുണ്ട്.