Asianet News MalayalamAsianet News Malayalam

Brigadier LS Lidder : ധീരസൈനികന് സല്യൂട്ട്: ബ്രിഗേഡിയർ ലിഡ്ഡർക്ക് രാജ്യത്തിന്റെ യാത്രാമൊഴി

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും (CDS Bipin Rawat) ഭാര്യ മധുലിക റാവത്തിന്‍റെയും (Madhulika Rawat) മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിലാണ് ലിഡ്ഡനും കൊല്ലപ്പെട്ടത്

IAF Helicopter Crash: Brigadier LS Lidder laid to rest with full military honours
Author
Delhi, First Published Dec 10, 2021, 11:43 AM IST

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) മരിച്ച ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർക്ക് (Brigadier LS Lidder) രാജ്യം വിടചൊല്ലി. ഔദ്യോഗിക സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 9.15 ന് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ദില്ലിയിലെ ബ്രാർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും (CDS Bipin Rawat) ഭാര്യ മധുലിക റാവത്തിന്‍റെയും (Madhulika Rawat) മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിലാണ് ലിഡ്ഡറും കൊല്ലപ്പെട്ടത്. മേജര്‍ ജനറലായി അടുത്തിടെ ഉദ്യോഗക്കയറ്റം കിട്ടിയ ബ്രിഗേഡിയര്‍ ലഖ്ബിന്‍ഡര്‍ സിംഗ് ലിഡ്ഡറുടെ  വേര്‍പാടും സേനക്ക് വലിയ നഷ്ടമാണ്. സൈനിക ഉപദേഷ്ടാവായി വര്‍ഷത്തിലേറയായി അദ്ദേഹം ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമുണ്ട്.  ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചലില്‍ ഒരു കമാന്‍ഡിന് നേതൃത്വത്തിന് നല്‍കിയിരുന്നു. ഹരിയാന പാഞ്ച്‌കുല സ്വദേശിയായ ബ്രിഗേഡിയര‍്‍ ലിഡ്ഡര്‍ സൈനിക കാര്യങ്ങളില്‍ ലേഖനങ്ങളുമെഴുതുമായിരുന്നു. 

അച്ഛന്റെ പാത പിന്തുടർന്നാണ് ലിഡ്ഡൻ സൈന്യത്തിലെത്തിയത്. സെക്കന്റ് ലെഫ്റ്റനന്റായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. മൃതദേഹത്തിൽ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ദേശീയ സൈനിക ഉപദേഷ്ടാവ് തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും മധുലിക റാവത്തിന്റെയും സംസ്കാരവും ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം.

കുനൂരിൽ പരിശോധന തുടരും

ഹെലികോപ്റ്റർ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റിൽ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തിൽ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംങ്ങിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

വിദഗ്ധ ചികിത്സ നൽക്കുന്നതിനായി വെല്ലിംങ്ങ്ടൺ സൈനിക ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് വരുൺ സിംങ്ങിനെ മാറ്റിയത്. കർണാടക ഗവർണർ തവർചന്ദ് ഗലോട്ട്, മുഖ്യമന്തി ബസവരാജ് ബൊമ്മയ് എന്നിവർ ബംഗ്ലൂരുവിലെ കമാൻഡ് ആശുപത്രിയിലെത്തി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ സന്ദർശിച്ചിരുന്നു. വരുൺ സിങ്ങിന്റെ പിതാവ് റിട്ടേർഡ് കേണൽ എ കെ സിങ്ങ് അടക്കമുള്ള കുടുബാംഗങ്ങളും ബംഗ്ലൂരുവിലെത്തിയിട്ടുണ്ട്. സുലൂരിൽ നിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്  രക്ഷപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios