ദില്ലി: ഇന്ത്യൻ വ്യോമസേന വിങ് കമ്മാന്ററായ അഭിനന്ദൻ വർധമാൻ എല്ലാ വൈദ്യപരിശോധനകളും വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹത്തിന് വിമാനങ്ങൾ പറത്താൻ സാധിക്കും. 

നീണ്ട അവധിക്ക് ശേഷം അഭിനന്ദൻ വീണ്ടും വിങ് കമ്മാന്ററായി ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം. എന്നാൽ ഇതിന്റെ തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

പാക് വ്യോമസേനയുമായുള്ള സംഘട്ടത്തിനിടെ മിഗ് 21 ബൈസൺ പോർവിമാനത്തിൽ നിന്ന് ആത്മരക്ഷാർത്ഥം ചാടിയപ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റിരുന്നത്. രാജ്യത്തിന്റെ വീരനായകനായ ഇദ്ദേഹത്തിന് വീർ ചക്ര ബഹുമതി നൽകി ആദരിക്കാൻ വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കാശ്മീരിലെ ജയ്ഷെ മുഹമ്മദ് താവളങ്ങൾ ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തിരുന്നു. ഇതിന് തിരിച്ചടി നൽകാൻ പറന്നെത്തിയ പാക് വ്യോമസേനയുടെ എഫ് 16 പോർവിമാനങ്ങളെ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട സംഘമാണ് പരാജയപ്പെടുത്തിയത്. ഈ സംഘട്ടനത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം അഭിനന്ദൻ വർധമാൻ തകർത്തിരുന്നു.