ദില്ലി/ തിരുവനന്തപുരം: ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകൾ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. നിലവിൽ സിബിഎസ്ഇക്ക് പുറമേ, ഐസിഎസ്ഇ അടക്കമുള്ള ബോർഡുകൾക്ക് കീഴിലെ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. പരീക്ഷ എന്ന് നടക്കുമെന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മാർക്കുകൾ എങ്ങനെ വേണമെന്ന കാര്യം നിശ്ചയിക്കാൻ രാജ്യമെങ്ങും ഒറ്റ മാർഗ്ഗരേഖയായിരിക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതെങ്ങനെയാകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാത്തതാണ് വിദ്യാർത്ഥികളെ കുഴക്കുന്നത്. പത്താം ക്ലാസിലെ പരീക്ഷാഫലം സിബിഎസ്ഇ തന്നെ രൂപീകരിക്കുന്ന ഒരു പരീക്ഷാരീതി പ്രകാരമാകും നിശ്ചയിക്കുകയെന്നും, ഇത് വഴി ലഭിക്കുന്ന മാർക്കുകളിൽ കുട്ടിക്ക് സംതൃപ്തിയില്ലെങ്കിൽ എഴുത്തുപരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടാകുമെന്നും സിബിഎസ്ഇ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പരീക്ഷ സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമേ നടത്തൂ എന്ന് പറയുന്നതാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. 

കേരളത്തിൽ സിബിഎസ്‍ഇയിൽ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം ക്ലാസ്സിലേക്ക് സ്റ്റേറ്റ് സിലബസ്സിൽ പഠിക്കാനെത്തുന്നത്, ശരാശരി നാൽപതിനായിരം മുതൽ നാൽപ്പത്തി അയ്യായിരം വരെ കുട്ടികളാണ്. ഇവരിൽ പലർക്കും പ്ലസ് വൺ പ്രവേശനത്തിൽ ഏതെങ്കിലും തരത്തിൽ പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ട്. പത്താംക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും, പരീക്ഷാരീതി തന്നെ സിബിഎസ്ഇ നിശ്ചയിക്കുന്ന ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോൾ എങ്ങനെയാകും മാർക്കുകളെന്ന കാര്യത്തിലാകും സിബിഎസ്ഇയിൽ നിന്ന് വരുന്ന കുട്ടികളുടെ പ്രധാന ആശങ്ക. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയശതമാനം ലഭിക്കുന്ന റീജ്യണാണ് കേരളത്തിലേത്, പ്രത്യേകിച്ച് തിരുവനന്തപുരം റീജ്യൺ. അതിനാൽത്തന്നെ ഇവിടെ നിന്ന് വരുന്ന കുട്ടികൾക്ക് സംസ്ഥാനസിലബസ്സിലേക്ക് മാറണമെങ്കിലോ, മറ്റ് സ്കൂളുകളിൽ ചേരണമെങ്കിലോ പ്രവേശനത്തിന് എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആശങ്ക.

കേരളത്തിൽ പത്താംക്ലാസ് പരീക്ഷകൾ നിശ്ചയിച്ച ഷെഡ്യൂളിൽത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്‍റെ തീരുമാനമെന്നിരിക്കേ, പൊതുവിൽ വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം പ്രകടമാണ്. എസ്എസ്എൽസി പരീക്ഷ ഒരു കാരണവശാലും മാറ്റാൻ ആലോചനയില്ലെന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.