നാഗ്പൂര്‍: ബിജെപിയുടെ കൊടി വീടിന് പുറത്തു കണ്ടാല്‍ മര്‍ദ്ദിക്കുമെന്ന് ജനങ്ങളെ  ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സോണര്‍ കല്‍മേശ്വര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ സുനില്‍ കേദാറാണ് ജനങ്ങളം ഭീഷണിപ്പെടുത്തിയത്. നാഗ്പൂരിനടുത്തെ ഒരു ഗ്രാമത്തില്‍ റാലിയെ അഭിസംബോധന ചെയ്യവേയാണ് സംഭവം. 

പ്രസംഗം വിവാദമായതോടെ പ്രദേശത്തുണ്ടായിരുന്ന ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും രാഷ്ട്രീയപരമായി വലിയ തിരിച്ചടി നേരിടുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ട് ബിജെപിയിലേക്കും ശിവസേനയിലേക്കും ചേക്കേറുന്നത് തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസിനെ ബാധിക്കുന്നുണ്ട്. 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും 50 എംഎല്‍എമാരെങ്കിലും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് 50 തോളം എംഎല്‍എമാര്‍ തന്നെ സമീപിച്ചെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ രംഗത്തെത്തിയിരുന്നു