Asianet News MalayalamAsianet News Malayalam

പാർട്ടിയില്‍ തെരഞ്ഞെടുപ്പില്ലെങ്കില്‍ അടുത്ത 50 വർഷം കൂടി കോൺ​ഗ്രസ് പ്രതിപക്ഷത്തിരിക്കും: ​ഗുലാം നബി ആസാദ്

അടുത്ത അമ്പത് വർഷം കൂടി പ്രതിപക്ഷ പാർട്ടിയായി തുടരാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ, കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നില്ല. ​ഗുലാം നബി ആസാദ് എഎൻഐയോട് പറഞ്ഞു. 
 

if no election in party congress will continue as opposition next 50 years
Author
Delhi, First Published Aug 28, 2020, 11:54 AM IST

ദില്ലി: കോൺ​ഗ്രസിന്റെ നിരന്തരമായി തകർച്ച നേരിടുമ്പോള്‍ പ്രതികരണവുമായി മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ്. പ്രവർത്തന സമിതിയിലേക്കും സംസ്ഥാന അധ്യക്ഷ പദവിയിലേക്കും അടക്കമുള്ള ഉന്നത പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ കോൺ​ഗ്രസ് പാർട്ടി 50 വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ​ഗുലാം നബി ആസാദ് പറഞ്ഞു. സംഘടനാ പദവികളിലേക്കുള്ള നിയമനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സോണിയ ​ഗാന്ധിക്ക് കത്തയച്ചവരിൽ ​ഗുലാം നബി ആസാദും ഉൾപ്പെട്ടിട്ടുണ്ട്. 

'കഴിഞ്ഞ ഏതാനും  പതിറ്റാണ്ടുകളായി കോൺ​ഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. പത്ത് പതിനഞ്ച് വർഷം കൂടി ഇങ്ങനെ തന്നെ തുടർന്നു പോയേക്കാം. തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണ്. തിരികെ വരണമെന്നുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അടുത്ത അമ്പത് വർഷം കൂടി പ്രതിപക്ഷ പാർട്ടിയായി തുടരാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ, കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നില്ല.' ​ഗുലാം നബി ആസാദ് എഎൻഐയോട് പറഞ്ഞു. 

സഞ്ജയ് ​ഗാന്ധിക്കൊപ്പം പാർട്ടിയിൽ പ്രവർത്തനമാരംഭിച്ച ​ഗുലാം നബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. 2021 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. അപ്പോയ്മെന്റ് കാർഡുകൾ വഴി നേടിയ പദവികൾ നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണ് തെര‍ഞ്ഞെടുപ്പിനെ എതിർക്കുന്നതെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നാൽ തങ്ങൾ പുറത്താകുമെന്ന് ഭയപ്പെടുന്ന സംസ്ഥാന അധ്യക്ഷൻമാരും ജില്ലാ ബ്ലോക്ക് അധ്യക്ഷൻമാരുമാണ് ഞങ്ങളുടെ നിർദ്ദേശത്തെ ആക്രമിക്കുന്നത്.

എന്നാൽ കളങ്കമില്ലാതെ പ്രവർത്തിക്കുന്നവർ ഈ നിർദ്ദേശത്തെ സ്വാ​ഗതം ചെയ്യും. പാർട്ടി പ്രവർത്തകരാൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന, ജില്ലാ, ബ്ലോക്ക് അധ്യക്ഷൻമാരായിരിക്കണം പാർട്ടിയിലുണ്ടാകേണ്ടത് എന്നാണ്  ആ​ഗ്രഹിക്കുന്നതെന്നും ​ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു. 

പ്രവർത്തക സമിതി അം​ഗങ്ങൾ തെരഞ്ഞെടുക്കുന്നവരെ നീക്കാൻ സാധിക്കില്ലെന്നും പിന്നെന്താണ് പ്രശ്നമെന്നും ​അദ്ദേഹം ചോ​ദിച്ചു. മുൻ മന്ത്രിമാരും എംഎൽഎമാരുമടക്കം 23 പേരാണ് സോണിയ ​ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്. നേതൃമാറ്റം വേണമെന്നും പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കണമെന്നും കൂട്ടായ തീരുമാനങ്ങളും പൂർണ്ണ സമയം അധ്യക്ഷനും വേണമെന്നാണ് അയച്ച കത്തിന്റെ ഉള്ളടക്കം. 

Follow Us:
Download App:
  • android
  • ios