ചെന്നൈ: ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾക്ക് സമൻസ്. ചെന്നൈ മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ ഫൊറൻസിക് വിഭാഗമാണ് സമൻസ് അയച്ചത്. കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. ഈ ഫോൺ പരിശോധിക്കുന്നതിനാണ് മാതാപിതാക്കളോട് ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ചെന്നൈയിൽ എത്തണമെന്നാണ് ആവശ്യം.

അതിനിടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആവശ്യങ്ങളുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ നീക്കം. മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, മരണപ്പെട്ട മകളെ അവഹേളിച്ചവർക്കെതിരെയും, മദ്രാസ് ഐ.ഐ.ടിയിൽ തുടരുന്ന വിദ്യാർത്ഥി ആത്മഹത്യയെ കുറിച്ചും അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കാടതിയെ സമീപിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അന്വേഷണം വഴിതെറ്റിയാൽ തെളിവുകൾ പുറത്തുവിടുമെന്നുമാണ് പിതാവ് പറഞ്ഞിരിക്കുന്നത്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. മുൻ സിബിഐ ഉദ്യോ​ഗസ്ഥർ അന്വേഷണസംഘത്തിന്റെ ഭാ​ഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായ ശേഷം മാത്രം സിബിഐ അന്വേഷണം എന്ന ആവശ്യം പരി​​ഗണിച്ചാൽ മതിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.