തകർന്നു വീണ പടിക്കിണറുള്‍പ്പടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് മാറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്ന് 36 പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിർമ്മാണങ്ങളും കെട്ടിടങ്ങളും അധികൃതര്‍ പൊളിച്ച് നീക്കി.

അപകടമുണ്ടായ ക്ഷേത്രത്തിലെ പടിക്കിണറിനോട് ചേര്‍ന്ന് അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നിരുന്നുവെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ബുള്‍ഡോസറുകളുമായെത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. കനത്ത പൊലീസ് കാവലിലെത്തിയായിരുന്നു നടപടി. ഇന്‍ഡോറിലെ ഏറ്റവും പഴക്കമേറിയ റസിഡന്‍ഷ്യല്‍ കോളനികളിലൊന്നായ സ്‌നേഹനഗറില്‍ ആണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രമുള്ളത്. ഒരു സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം.

അടുത്തിടെ നടന്ന പരിശോധനയില്‍ പടിക്കിണറുള്‍പ്പടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിണര്‍ പൊളിച്ചുനീക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ഉത്തരവിട്ടെങ്കിലും ക്ഷേത്രാധികാരികള്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാമനവമി ആഘോഷത്തിനിടെ ദാരുണമായ അപകടം സംഭവിച്ചത്. 

രാമനവമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. തിരക്ക് കൂടിയതോടെ മൂടിയിട്ട കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങി. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം. 

Read More : 'എന്നോട് ക്ഷമിക്കണം...'; വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് ഐഐടി-മദ്രാസ് വിദ്യാർത്ഥി ജീവനൊടുക്കി