യുപിയിലും ബീഹാറിലും ദില്ലിയിലടക്കം പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ ഫേസ്ബുക്കിലൂടെയും ആയുധക്കച്ചവടം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ബോധ്യമായി.
ദില്ലി: രാജ്യത്ത് നിയമവിരുദ്ധമായി തോക്കുകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ ഉത്തരേന്ത്യയില്‍ വ്യാപകമാകുന്നു. ഓൺലൈനിലൂടെയും നേരിട്ടും സകല നിയമങ്ങളും കാറ്റിൽ പറത്തിയാണ് വിൽപ്പന. യുപിയിലും ബീഹാറിലും ദില്ലിയിലടക്കം പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ ഫേസ്ബുക്കിലൂടെയും ആയുധക്കച്ചവടം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ബോധ്യമായി. കോതമംഗലത്തെ മാനസയുടെ അരുംകൊലയുടെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം കയ്യകലെ കള്ളത്തോക്ക്.
ഇന്ത്യയിൽ നിയമവിരുദ്ധമായി തോക്ക് വാങ്ങാൻ ഡാർക്ക് വൈബ് എന്ന് അറിയപ്പെടുന്ന അനധികൃത സൈറ്റുകളിലേക്ക് പോകേണ്ട. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരമുള്ള ഫേസ്ബുക്കിൽ ഒന്ന് പരതി നോക്കിയാൽ ഉത്തരേന്ത്യയിൽ പ്രചാരമുള്ള നാടൻ തോക്കായ ദേശിഘട്ട മുതൽ 9 എംഎം റിവോൾവര്‍ വരെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി കാണാം. ഇവയിൽ കൂടുതലും ബീഹാറിലെ മുംഗാർ, രാജസ്ഥാനിലെ അൽവാർ, യുപിയിലെ മൊറാദാബാദ്, മീററ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിലെ കണ്ണികളെന്ന് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വ്യക്തമാണ്.
ഈ പരസ്യങ്ങളിൽ കണ്ട നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ കോൾ എത്തിയത് ബീഹാറിലെ മുംഗറിൽ. ഏതുതരം തോക്കും ഇവിടെ കിട്ടും. മോഡൽ മാറുന്നത് അനുസരിച്ച് വിലയും കൂടും. 5000 രൂപ മുതൽ 35000 രൂപ വരെയാണ് വില. നേരിട്ട് എത്തി വാങ്ങാം അതെല്ലെങ്കിൽ നൽകുന്ന അഡ്രസിൽ ഇവരുടെ സംഘങ്ങൾ എത്തിക്കുമെന്ന് ഉറപ്പ്. ഇതിനായുള്ള പണം മൂൻകൂറായി നൽകണം. തോക്കിന്റെ മോഡൽ കാണണമെന്ന് അറിയിച്ചതോടെ വാടസ് ആപ്പിൽ വീഡിയോ കോൾ എത്തി. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ സംഘങ്ങളുടെ ആയുധ വിൽപ്പന. ആഭ്യന്തര സുരക്ഷയ്ക്ക് അടക്കം ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളും ശക്തമല്ല എന്നത് ഇതിൽ നിന്ന് വ്യക്തം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
