ദില്ലി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഐഎംഎ. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി  പാലിക്കണമെന്നാണ് ഐഎംഎ നല്‍കുന്ന നിര്‍ദ്ദേശം. രോഗം വരാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ കാര്യത്തിലും സുരക്ഷ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഐഎംഎ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഐഎംഎ യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടർമാർക്ക് രോഗം വന്നു. ഇതിൽ 99 പേർ മരിച്ച സാഹചര്യത്തിലാണ് കർശന മുൻകരുതലിന് ഐഎംഎ റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 29,429 പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വ‌ർധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. രോഗവ്യാപന നിരക്ക് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും. 

മരണ സംഖ്യയും ഉയരുകയാണ്. 582 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു. ഇത് വരെ 24,309 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന ആശ്വാസ വിവരവും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്നു. 5,92,031 പേർ ഇതുവരെ രോഗമുക്തരായെന്നാണ് സർക്കാർ കണക്ക്. 3,19,840 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്. 2,67,665 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 1,47,324 പേർക്കും ഇത് വരെ രോഗം സ്ഥിരീകരിച്ചു.