ദില്ലി: ഓഗസ്റ്റ് എട്ടിന് നടക്കുന്ന ദേശീയ മെഡിക്കൽ സമരത്തിൽ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കുമെന്ന് ഐഎംഎ കേരള ഘടകം. രോഗികൾക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കി കൊണ്ടുള്ള സമരപരിപാടിക്കാണ് ഐഎംഎ മുൻതൂക്കം നൽകുന്നത്. അത്യാഹിത വിഭാഗം ഉൾപ്പടെ ബഹിഷ്ക്കരിച്ചുള്ള സമരത്തിന് ഐഎംഎ ദേശീയ നേതൃത്വം രണ്ട് ദിവസം മുമ്പ് ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഘടകത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ഭേദഗതികളോടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ  അവതരിപ്പിച്ചിരുന്നു. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബിൽ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്സഭക്ക് മുന്നിൽ എത്തിയത്.

മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ദില്ലി എംയിസ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ റെസിഡൻറ് ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് റെസിഡൻറ് ഡോക്ടർമാരുടെ സംഘടന സമരം പിൻവലിച്ചത്.