ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ദില്ലി: ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിനിടെ ദില്ലിയിലും കനത്ത മഴ. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂപപ്പെട്ടു. മഴ ശക്തമായതോടെ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഹരിയാന, ചണ്ഡീഗഡ്, ദില്ലി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ മിതമായതോ തീവ്രമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൂടാതെ ഓഗസ്റ്റ് 17 വരെ ഉത്തരാഖണ്ഡിലെ പല ജില്ലകളിലും ഐഎംഡി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശില്‍ ഉണ്ടായ മിന്നൽ പ്രളയം കനത്ത നാശനഷ്ടമുണ്ടാക്കി. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹൗൾ ആൻറ് സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


