സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാർ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന വാർഷിക പരേഡിന്റെ സംഘാടന ചുമതലയുള്ള സേനയ്ക്കും മറ്റുള്ളവർക്കും മാർച്ച് മാസത്തിൽ അയച്ച  കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. 

ദില്ലി: 2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകൾ മാത്രമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാര്‍ച്ച് ചെയ്യുന്നതിൽ മുതൽ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാർ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന വാർഷിക പരേഡിന്റെ സംഘാടന ചുമതലയുള്ള സേനയ്ക്കും മറ്റുള്ളവർക്കും മാർച്ച് മാസത്തിൽ അയച്ച കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. 

ഇതു സംബന്ധിച്ച് ഒരു ഉയർന്ന ഉദ്യോ​ഗസ്ഥൻ സ്ഥിരീകരണം നൽകിയതായും റിപ്പോർട്ടിൽ പറ‌യുന്നു. ഇതേക്കുറിച്ച് ആഭ്യന്തര, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യവും ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതാ‌യി സ്ഥിരീകരിച്ചിട്ടുണ്ട്. 

കുറച്ചു വർഷങ്ങളായി വനിതാ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് റിപ്ലബിക് പരേഡ് നടത്തുന്നത്. വിവിധ സേനാവിഭാ​​ഗങ്ങൾ വനിതകളുടെ എണ്ണം വർധിപ്പിച്ചുവരികയാണ്. ആദ്യമായി 2015 ല്‍ മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നായി ഒരു പൂർണ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019ല്‍ ക്യാപ്റ്റന്‍ ശിഖ സുരഭി കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി. 2020ൽ ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021-ല്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.

Read Also: മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി; വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും