ദില്ലി: 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മൻമോഹൻ സിംഗിനുമെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയിൽ വിമർശനം. ഒന്നാം എൻഡിഎ സർക്കാരിൽ മോദി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരിച്ചതെന്നും പ്രണബ് മുഖർജി വിലയിരുത്തുന്നു. മരണത്തിനു മുമ്പ് പൂർത്തിയാക്കിയ ആത്മകഥയുടെ നാലാം ഭാഗം അടുത്തമാസം പുറത്തിറങ്ങും.

ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്, 2012 മുതൽ 17 വരെയുള്ള രാഷ്ട്രപതിക്കാലം. ഇവിടെയാണ്, പ്രണബിന്‍റെ നീരീക്ഷണങ്ങളും തുറന്നുപറച്ചിലുകളും. കോൺഗ്രസ് പാർട്ടിയും ഭരണവും ഒരുപോലെ പരാജയപ്പെട്ടെന്ന് പറയുന്നു പ്രണബ് മുഖർജി. സോണിയ ഗാന്ധിക്ക് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കിൽ, മൻമോഹന് ഭരണമികവ് പുറത്തെടുക്കാനായില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും, എംപിമാരുമായി മൻമോഹൻ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. 2004 ൽ ഞാൻ ധനമന്ത്രിയായിരുന്നെങ്കിൽ 14 ലെ തിരിച്ചടിയിൽ നിന്ന് പാർട്ടി രക്ഷപ്പെടുമായിരുന്നു, എന്ന് നിരീക്ഷിക്കുന്ന കോൺഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദ് പ്രസിഡൻഷ്യൽ ഇയേഴ്സിൽ കുറിച്ചിട്ടുണ്ട്. 

മോദിയുടെ സ്വേച്ഛാധിപത്യശൈലി, സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കിയെന്നാണ് പ്രണബന്‍റെ നിരീക്ഷണം. രണ്ടാംമോദി സർക്കാരിൽ സ്ഥിതി മാറുമോ എന്ന് കണ്ടെറിയണമെന്ന്, മൺമറയും മുമ്പ് പ്രണബ് മുഖർജി എഴുതി വച്ചിട്ടുണ്ട്. കണ്ടിടത്തോളം മാറ്റമില്ലെന്ന് വായനക്കാരന്, തറുതലയെഴുതാൻ പാകത്തിനൊരു നിരീക്ഷണം. ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിര ഗാന്ധി ഇയേഴ്സ്, ദ ടർബുലൻഡ് ഇയേഴ്സ്, ദ കോയിലേഷൻ ഇയേഴ്സ് എന്നിവയാണ് നേരത്തെ, പുറത്തിറങ്ങിയ മൂന്നുഭാഗങ്ങൾ. നാലാം ഭാഗം പ്രസിഡൻഷ്യൽ ഇയേഴ്സ് ജനവുരി ആദ്യം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻ വ്യക്തമാക്കി.