Asianet News MalayalamAsianet News Malayalam

യുപിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താം

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അശ്വതി ഉത്തരവ് പുറത്തിറക്കി. ഉത്തരവ് പ്രകാരം...

In UP, covid restrictions can be relaxed and up to 100 people can get together in marriage functions
Author
Lucknow, First Published Sep 29, 2021, 5:56 PM IST

ലക്നൌ: പുതിയ കൊവിഡ് (Covid) കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ഉത്തർപ്രദേശ് (Uttar Pradesh). വിവാഹ ചടങ്ങുകൾക്കും മറ്റ് പൊതു പരിപാടികൾക്കും 100 പേരെ പങ്കെടുപ്പിക്കാൻ സർക്കാർ അനുവാദം നൽകി. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ (Covid Protocol) പാലിച്ചാകണം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്ന മുന്നറിയിപ്പും നൽകയിട്ടുണ്ട്. 

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അശ്വതി ഉത്തരവ് പുറത്തിറക്കി. ഉത്തരവ് പ്രകാരം തുറസായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹം, മതവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എന്നിവയ്ക്ക് 100 പേരെ പങ്കെടുപ്പിക്കാം. പരിപാടി നടക്കുന്ന സ്ഥലത്തിനനുസരിച്ചാണ് പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം കണക്കാക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. 

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് അടച്ച തമിഴ്നാട്ടിലെ സ്കൂളുകൾ നവംബർ ഒന്ന് മുതൽ പൂർണ്ണമായും തുറക്കും. എട്ട് വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതൽ സ്കൂളുകളിൽ ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവിൽ ക്ലാസുകൾ. ഈ മാസം ആദ്യം മുതൽ കോളേജുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലും സ്കൂളുകൾ തുറക്കാൻ തീരുമാനമായി. ഒക്ടോബർ നാലിന് സ്കൂളുകൾ തുറക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും ഗ്രാമങ്ങളിൽ അഞ്ച്  മുതൽ 12 -ാം തരം വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

കേരളത്തിലും സ്കൂളുകൾ തുറക്കാൻ മാർഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബർ നാല് മുതൽ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകൾ ആരംഭിക്കുന്നത്. ഒക്ടോബർ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാനത്ത്  ഏഴ് കോടിയിലധികം പേർ  മഹാരാഷ്ട്രയിൻ സ്വീകരിച്ചതായാണ് കേന്ദ്ര കണക്ക്. കേരളത്തിൽ 90 ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി പരാമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി, കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണമെന്നും പറഞ്ഞു. 

ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ  കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios