ഉത്തര്‍ പ്രദേശ്: ബരാബങ്കി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച 13 പേര്‍ മരിച്ചു. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടും. ലഖ്‍നൗവില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെ റാണിഗഞ്ചി എന്ന ഗ്രാമത്തിലുള്ളവരാണ് മരിച്ചവരിലേറെയും. രാംനഗര്‍ പ്രദേശത്തെ മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചവരിലേറെയും. ഗുരുതരാവസ്ഥയിലായ 16 പേരെ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡയാലിസിസിനു വിധേയമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 40 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. 

ആറു പേരെ ലക്‌നൗവിലെ തന്നെ ബല്‍റാംപൂര്‍, റാംമനോഹര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ക്ക് എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവും കാബിനറ്റ് മന്ത്രിയുമായ സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പടെ അന്വേഷിച്ച് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.

സംഭവത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായി പത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെയും രണ്ടു പോലീസുദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ബാരബങ്കി ജില്ലാ എക്‌സൈസ് ഓഫീസര്‍ ശിവ്‌നാരായണ്‍ ദുബെ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാംതിരാത് മൗര്യ, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്‍റിലെ മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് ഉടന്‍ പ്രാബല്യത്തില്‍ വരും വിധം സസ്‌പെന്‍ഡ് ചെയ്തത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.