മുംബൈ: ഇഡ്ഡലിക്ക് ചട്‌നി ഉണ്ടാക്കാൻ കക്കൂസിൽ നിന്ന് തട്ടുകട ഉടമ വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറൽ. മുംബൈയിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മുംബൈയിലെ ബോറിവാലി റെയിൽവെ സ്റ്റേഷനിലെ കക്കൂസിൽ നിന്നാണ് വെള്ളം ശേഖരിച്ചത്.

എന്നാൽ വീഡിയോ ദൃശ്യത്തിൽ ഇത് എന്നത്തേതാണെന്ന് തിരിച്ചറിയാനായില്ല. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഈ ജലം മലിനമായിരിക്കുമെന്നും ഇതുപയോഗിക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമായേക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അറിയിപ്പിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥൻ ശൈലേഷ് അഥാവ് പറഞ്ഞു. കടക്കാരനെ പിടികൂടിയാൽ ഉടൻ ഇദ്ദേഹത്തിന്റെ ലൈസൻസും മറ്റ് രേഖകളും പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അധ്ദേഹം പറഞ്ഞു.

വീഡിയോ ചിത്രീകരിച്ച സമയവും സാഹചര്യവും അറിയാതെ നടപടികളിലേക്ക് കടക്കാനാവില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.