വിവരങ്ങൾ പരിശോധിച്ച് തുടർ നടപടികൾ വൈകാതെയുണ്ടാകും.പരിശോധന നിയമപ്രകാരമാണെന്നും, ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതിവകുപ്പ് 

ദില്ലി: ബിബിസിക്കെതിരായ ആദായനികുതി വകുപ്പിന്‍റെ നടപടികൾ തുടരും. മൂന്ന് ദിവസം നീണ്ട സർവേ തുടക്കം മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരിശോധന നിയമപ്രകാരമാണെന്നും ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതിവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ലാഭം അനധികൃതമായി ബിബിസി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ നടന്ന 60 മണിക്കൂറോളം നീണ്ട മാരത്തൺ പരിശോധന തുടക്കം മാത്രമാണെന്ന് സര്‍ക്കാര്‍. വിവരങ്ങൾ പരിശോധിച്ച് തുടർ നടപടികൾ വൈകാതെയുണ്ടാകും. ഇന്നലെ രാത്രി പത്തരയോടെ ദില്ലിയിലെ ഓഫീസിൽ നിന്നും മടങ്ങിയ ഉദ്യോഗസ്ഥർ സാമ്പത്തിക ഇടപാട് രേഖകൾ ശേഖരിച്ചതായും സൂചനയുണ്ട്.

പരിശോധനക്ക് പിന്നാലെ ജീവനക്കാരെ ഓഫീസിൽ തടഞ്ഞുവച്ചുവെന്ന് ബിബിസി ആക്ഷേപമുയർത്തിയിരുന്നു. എന്നാൽ ആരെയും തടഞ്ഞുവച്ചിട്ടില്ലെന്നും ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനപ്പെട്ട ജീവനക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. വേണ്ടത്ര സമയം ഇതിനായി നൽകിയിരുന്നു. ജീവനക്കാരെ പുറത്തുപോകാനും പതിവുപോലെ ജോലി ചെയ്യാനും അനുവദിച്ചുവെന്നും പ്രസ്താവനയിലുണ്ട്. അതേസമയം പരിശോധനയിൽ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയെന്നോ, തുടർ നടപടികളെന്തെന്നോ ആദായ നികുതി വകുപ്പ് ഇനിയും വ്യക്തമാക്കിയിട്ടില്ല.