ചെന്നൈ: ആള്‍ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കിയുടെ മകനെയും ഭാര്യയെയും കസ്റ്റിഡിയിലെടുത്തു. ദക്ഷിണേന്ത്യയിലുടനീളം കല്‍ക്കി ട്രസ്റ്റ്  നടത്തിയ ഭൂമിയിടപാടുകളില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതിന്‍റെ രേഖകള്‍ കണ്ടെത്തി.

ഇന്ത്യയിലും വിദേശത്ത് നിന്നും ലഭിച്ച സംഭാവനകള്‍ കൊണ്ട് ദക്ഷിണേന്ത്യയിലുടനീളം ഭൂമി വാങ്ങിയതിന്‍റെ രേഖകള്‍ ആശ്രമത്തിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ലഭിച്ചു. കല്‍ക്കിയുടെ മകന്‍ കൃഷ്ണയാണ് റിയല്‍ എസ്റ്റേറ്റ് മേഖല കൈകാര്യം ചെയ്തിരുന്നത്. 

ബിനാമി പേരുകളിലാണ് ആന്ധ്രാ-തമിഴ്നാട് അതിര്‍ത്തിയിലും ഹൈദരാബാദിലും ഭൂമി വാങ്ങിയത്. ഗള്‍ഫിലും അമേരിക്കയിലുമായി നടത്തിയിരുന്ന നിര്‍മ്മാണ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് വിദേശ സംഭാവനകള്‍ കൂടുതലും വകമാറ്റിയത്. 

കല്‍ക്കിയുടെ മകന്‍ കൃഷ്ണയെ തമിഴ്നാട്ടില്‍ നിന്നും ഭാര്യ പത്മാവതിയെ ആന്ധ്രയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ആദായ നികുതി റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈ പൂനമല്ലിയിലെ പ്രധാന ശാഖകള്‍ ഉള്‍പ്പടെ അടച്ച് പൂട്ടിയ നിലയിലാണ്. ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 56 കോടി രൂപ, 97 കിലോ സ്വര്‍ണം, എട്ട് കോടിയുടെ വജ്രം, 22 കോടി യുഎസ് ഡോളര്‍, 409 കോടിയുടെ രസീതുകള്‍ എന്നിവ പിടിച്ചെടുത്തു. ആശ്രമത്തിലേക്ക് ലഭിച്ച വിദേശ സംഭാവനകളുടെ സ്രോതസും പരിശോധിക്കുകയാണ്.