Asianet News MalayalamAsianet News Malayalam

മതേതര സിവിൽ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി; 2047ല്‍ 'വികസിത ഭാരത' ലക്ഷ്യത്തിലെത്തും

സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Independence Day Prime Minister Narendra Modi speech calls for secular civil code in India
Author
First Published Aug 15, 2024, 9:25 AM IST | Last Updated Aug 15, 2024, 9:28 AM IST

ദില്ലി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'രാജ്യം ഒന്നാമത്' അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി.  ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി. സൈന്യത്തിന്‍റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉൽപാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ  ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്‍റെ വാതിൽക്കൽ ഇന്ന് സർക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ രംഗത്ത് സർക്കാർ വലിയ ശക്തിയായി മാറി. ആ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരികയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങൾക്ക് ജയിലിലിടുന്ന നിയമങ്ങൾ കാറ്റിൽ പറത്തി. പുതിയ ക്രിമിനൽ നിയമങ്ങൾ നിയമ വ്യവസ്ഥയുടെ അന്തസുയർത്തി. വേഗത്തിൽ നീതി നൽകാൻ കഴിയുന്നു. മധ്യ വർഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നൽകാൻ സർക്കാരിനായി. എല്ലാവരെയും ഒപ്പം ചേർത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

Also Read: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി, ചെങ്കോട്ടയിൽ പതാക ഉയർത്തി

കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്. പരസ്പര വിശ്വാസത്തിൻ്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്. ജോലിക്കാരായ സ്ത്രീകൾക്ക് ശമ്പളത്തോടെ പ്രസവാവധി നൽകിയത് ഈ സർക്കാരാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിനും സർക്കാർ താങ്ങായിസേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. 2047 ൽ  വികസിത ഭാരതം എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. ലക്ഷങ്ങൾ മുടക്കി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നത് മധ്യവർഗ രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങൾ ഇന്ത്യയിൽ സജ്ജമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാൻ ദൗത്യത്തിന് ശേഷം വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വർധിച്ചിരിക്കുന്നു. ഒരു ലക്ഷം കോടി രൂപയാണ് ശാസ്ത്ര ഗവേഷണണൾക്കായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകൾ കൂടി വർധിപ്പിച്ചു. കർഷകരുടെ മക്കൾക്കായി സ്മാർട്ട് സ്കൂളുകൾ യാഥാർത്ഥ്യമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടികൾ സ്വീകരിച്ചു. സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തണം. സ്ത്രീകൾക്കെതിരായി അതിക്രമം കാട്ടിയാൽ പിന്നീട് നിലനിൽപില്ലെന്ന് ക്രിമിനലുകൾ തിരിച്ചറിയും വിധം നടപടികൾ വേണം. വേഗം നടപടി വേണം, ഒരാളെ പോലും വെറുതെ വിടരുത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒളിംപിക്സ് താരങ്ങളെ അഭിനന്ദിച്ച് മോദി

പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കായിക താരങ്ങൾക്കാവട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2036 ൽ ഒളിംപിക്സിന് വേദിയാകാൻ  ഭാരതം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷത്തിന് വിമർശനം

ചിലർക്ക് രാജ്യത്തിന്‍റെ വളർച്ച ദഹിക്കുന്നില്ല. അത്തരക്കാർ നിരാശരായി കഴിയേണ്ടി വരും. വികൃത മനസുകളിൽ വളർച്ചയുണ്ടാകില്ല. ഇത്തരം പിന്തിരിപ്പന്മാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് സർക്കാർ നിറവേറ്റുന്നത്. രാജ്യത്തെ ഉപദ്രവിക്കുന്ന ഇക്കൂട്ടരെ ജനം  തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios