പട്‌നിയുടെ സത്യവാങ്മൂലത്തിൽ ആസ്തികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഇല്ല. നവംബർ 14 ന് മാത്രമാണ് ഞാൻ ബാങ്ക് ഓഫ് ബറോഡയിൽ സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് തുറന്നത്.
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന സ്വതന്ത്ര സ്ഥാനാർഥി കെട്ടിവെക്കാൻ എത്തിയത് രണ്ട് ചാക്കുകളിൽ ഒരുരൂപയുടെ 10000 നാണയങ്ങളുമായി. തലസ്ഥാനമായ ഗാന്ധിനഗർ നോർത്തിലാണ് മഹേന്ദ്രഭായി പട്ണി എന്ന തൊഴിലാളി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. മണ്ഡലത്തിൽ വികസനമില്ലെന്ന് ഇദ്ദേഹം ആരോപിച്ചു. തനിക്കുതന്നെ വീടോ വൈദ്യുതിയോ കുടിവെള്ളമോ ഇല്ലെന്നും പാവപ്പെട്ടവരുടെ എല്ലാവരുടെയും അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചാക്കുകളിൽ നിറയെ ഒരുരൂപയുടെ നാണയവുമായാണ് മഹേന്ദ്രഭായ് എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ കെട്ടിവെക്കാൻ കൂലിപ്പണിക്കാരനായ തന്റെ കൈയിൽ പണമില്ലെന്നും തനിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞവരുടെ കൈയിൽ നിന്ന് ഒരുരൂപയുടെ നാണയം സ്വീകരിച്ചാണ് പണം സ്വരൂപിച്ചതെന്നും ഇയാൾ പറഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ഇത്രയും പണം കണ്ടെത്തിയത്.
പഞ്ചനക്ഷത്ര ഹോട്ടലായ ദി ലീല നിർമ്മിക്കുന്നതിനും ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനുമായി സർക്കാർ പൊളിച്ചുനീക്കിയ 521 കുടിലുകളിൽ തന്റെ വീടും ഉൾപ്പെട്ടെന്ന് പട്‌നി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞങ്ങൾ ചേരികളിൽ ജീവിക്കുന്നു. സംസ്ഥാന സർക്കാർ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഹോട്ടലിന്റെ സെക്യൂരിറ്റി ക്യാബിനിൽ നിന്ന് റോഡിന് എതിർവശത്തുള്ള ഗോകുൽപുര വാസഹട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും പട്നി പറഞ്ഞു. 1999ലാണ് ഇദ്ദേഹം ഗാന്ധിനഗറിലേക്ക് എത്തുന്നത്. ആദ്യം ദണ്ഡികുടിർ ചേരിയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. 2010-ൽ ഞങ്ങൾ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തേക്ക് മാറിയെന്നും ഇദ്ദേഹം പറഞ്ഞു.
ഗാന്ധിനഗർ നോർത്തിൽ നിന്ന് ഇതുവരെ 28പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഡിസംബർ അഞ്ചിന് രണ്ടാം ഘട്ടത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്. പട്‌നിയുടെ സത്യവാങ്മൂലത്തിൽ ആസ്തികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഇല്ല. നവംബർ 14 ന് മാത്രമാണ് ഞാൻ ബാങ്ക് ഓഫ് ബറോഡയിൽ സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് തുറന്നത്. ഇയാളുടെ കുടിലിൽ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമാണ് താമസം. വഡോദരയിലെ എഎപി സ്ഥാനാർഥിയും ഒരുരൂപ നാണയങ്ങളാണ് കെട്ടിവെക്കാൻ ഉപയോഗിച്ചത്.
