ചണ്ഡിഗഡ്: ഹരിയാനയിലെ ബിജെപി ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എംഎല്‍എ സോംബിര്‍ സംഗ്വാന്‍. ഹരിയാന സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണെന്ന ആരോപണം ഉയര്‍ത്തിയാണ് നടപടി. ചൊവ്വാഴ്ചയാണ് ദാദ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സോംബിര്‍ സംഗ്വാന്‍ ബിജെപി ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. 

കര്‍ഷകരോട് അനുതാപത്തോടുള്ള സമീപനം സ്വീകരിക്കേണ്ട സര്‍ക്കാര്‍ ജലപീരങ്കി അടക്കമാണ് കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചത്. ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത് തടയാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇത്തരമൊരു സര്‍ക്കാരിനുള്ള പിന്തുണ തുടരാനാവില്ലെന്നും സോംബിര്‍ സംഗ്വാന്‍ വിശദമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയുടെ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഹരിയാന ലൈവ് സ്റ്റോക്ക് ഡെവലപ്പ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള രാജിയും സോംബിര്‍ സംഗ്വാന്‍ പ്രഖ്യാപിച്ചു. 

കര്‍ഷകര്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചാണ് തന്‍റെ രാജിയെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും തന്‍റെ മണ്ഡലമായ ദാദ്രിയില്‍ നിന്നുമുള്ള  കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ തരുന്നത് ധാര്‍മ്മികതയല്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനുള്ള കത്തില്‍ എംഎല്‍എ വ്യക്തമാക്കുന്നു. മനസാക്ഷിയുടെ വാക്ക് കേട്ടാണ് തന്‍റെ തീരുമാനമെന്നും എംഎല്‍എ വിശദമാക്കുന്നു. ഒരു വര്‍ഷം പ്രായമുള്ള മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിന്  സോംബിര്‍ സംഗ്വാന്‍റെ പിന്തുണ കൊണ്ട് അപകടമില്ലെന്നാണ് സൂചന.