Asianet News MalayalamAsianet News Malayalam

മമതയും അഖിലേഷും ചൊടിപ്പിച്ചു, തേജസ്വിക്കായുള്ള നീക്കവും; നിതീഷ് മറുകണ്ടം ചാടിയാൽ 'ഇന്ത്യ' ത്രിശങ്കുവിലാകും

കണ്‍വീനറാകുന്നതില്‍ മമത ബാനര്‍ജിയും, അഖിലേഷ് യാദവും ഉയര്‍ത്തിയ പ്രതിരോധം നിതീഷ് കുമാറിന് വലിയ തിരിച്ചടിയായിരുന്നു

india alliance in deep trouble after nitish kumar mamata banerjee akhilesh yadav decisions asd
Author
First Published Jan 25, 2024, 7:21 PM IST

ദില്ലി: ബിഹാർ മുഖ്യമന്ത്രിയുടെ ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ എന്‍ ഡി എയിലേക്കെന്ന അഭ്യൂഹം ശക്തമായതോടെ ഇന്ത്യ സഖ്യം വലിയ വെല്ലുവിളി നേരിടുന്നു. സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടാത്തതാണ് നിതിഷിന്‍റെ ചുവട് മാറ്റത്തിന് കാരണമെന്നാണ് സൂചന. മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ സഖ്യം കടുത്ത പ്രതിസന്ധിയിലാണ്.

വീണ്ടും കാലുവാരലോ? ഈ ആഴ്ച നിർണായകം, നിതീഷ് എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തം; ബിജെപിയുമായി ചർച്ചയിലെന്നും സൂചന

ഇന്ത്യ സഖ്യത്തിന്‍റെ പിറവിക്ക് മുന്‍കൈയെടുത്ത നിതീഷ് കുമാര്‍ പാളയം വിട്ടാൽ അത് പ്രതിപക്ഷത്തിന് വലിയ ക്ഷീണമാകും. സഖ്യത്തിന്‍റെ മുഖമാകുന്നതിലടക്കം നേരിട്ട തിരിച്ചടി നിതീഷിനെ എന്‍ ഡി എയിലേക്ക് അടിപ്പിക്കുകയാണെന്നാണ് വിവരം. കണ്‍വീനറാകുന്നതില്‍ മമത ബാനര്‍ജിയും, അഖിലേഷ് യാദവും ഉയര്‍ത്തിയ പ്രതിരോധം നിതീഷ് കുമാറിന് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസുമായും, ആര്‍ ജെ ഡിയുമായുമുള്ള ബന്ധവും ഇതിനിടെ മോശമായി. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ലാലു പ്രസാദ് യാദവിന്‍റെ  നിര്‍ദ്ദേശം തള്ളിയ നീതീഷ്, ബിഹാറില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. പിന്നാലെ കുടുംബാധിപത്യത്തിനെതിരെ  രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

എന്‍ ഡി എയോടടുക്കുന്ന നിതീഷ് നിയമസഭ പിരിച്ചുവിട്ട് ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. ഒരാഴ്ചക്കുള്ളില്‍ ചിത്രം തെളിയുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോഷ്യലിസ്റ്റ് നേതാവ് കര്‍പ്പൂരി താക്കൂറിന് ബിജെപി ഭാരത രത്നം പ്രഖ്യാപിച്ചതും നിതീഷ് കുമാറിന്‍റെ മനസ് ഇളക്കിയെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയിലേക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി കഴിഞ്ഞു. നിതീഷ് കുമാറിന്‍റെ  നീക്കങ്ങള്‍ ഒരു വശത്ത് പ്രതിസന്ധി ഉയര്‍ത്തുമ്പോള്‍ മറുവശത്ത് മമത ബാനര്‍ജിയുടെ നിലപാടും വെല്ലുവിളിയാകുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയുമായി പശ്ചിമബംഗാളിലെത്തിയ രാഹുല്‍ ഗാന്ധിയെ മമത കണ്ട മട്ടില്ല. ക്ഷണിച്ചെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ക്ഷണം കിട്ടിയില്ലെന്നും ഇങ്ങനെയൊരു യാത്രയെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് മമത പ്രതികരിച്ചത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മമത നിലപാടെടുത്തു കഴിഞ്ഞു. ആംആ്ദമി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ  ഇന്ത്യ സഖ്യം ത്രിശങ്കുവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios