ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘും ഇന്ത്യയും പര്യായങ്ങളാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടി നല്‍കി ആര്‍എസ്എസ് നേതാവ്. ആര്‍എസ്എസിനോട് ഇമ്രാന്‍ ഖാന്‍ ദേഷ്യപ്പെട്ടാല്‍ അഥ് ഇന്ത്യയോട് ദേഷ്യപ്പെടുന്നതിന് തുല്യമാണെന്നും ആര്‍എസ്എസ് ജോയിന്‍റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞു. 

''ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ഞങ്ങള്‍ക്ക് മറ്റിവിടങ്ങളില്‍ ശാഖകളില്ല. പാക്കിസ്ഥാന്‍ ഞങ്ങളോട് ദേഷ്യപ്പെട്ടാല്‍ അതിനര്‍ത്ഥം അവര്‍ ഇന്ത്യയോട് ദേഷ്യത്തിലാണെന്നാണ്. ആര്‍എസ്എസും ഇന്ത്യയും പര്യായങ്ങളാണ്. ലോകം മുഴുവന്‍ ഇന്ത്യയെയും ആര്‍എസ്എസിനെയും ഒന്നായി കാണണമെന്നാണ് ഞങ്ങളുടെ ആവശ്യം'' - കൃഷ്ണ ഗോപാല്‍ പറഞ്ഞു. 

Read Also: ഭീകരതയ്ക്കെതിരെ യുഎന്നില്‍ മോദി, കശ്മീരിനെക്കുറിച്ച് പരാമര്‍ശമില്ല; കശ്മീരില്‍ തൊട്ട് ഇമ്രാന്‍റെ പ്രസംഗം

യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെതിരെ ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചിരുന്നു. മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്ന് ആര്‍എസ്എസ് വിശ്വസിക്കുന്നുവെന്നും വെറുപ്പിന്‍റെ ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ വധിച്ചതെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍റെ ആരോപണം. ആർഎസ്എസിന് ഹിറ്റ്ലറുടെയും മുസോളിനിയുടെയും നയമാണ്.  

ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുസ്ലിംങ്ങളെ കൂട്ടക്കൊല ചെയ്തെന്നും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞിരുന്നു.  ദില്ലിയിലെ ഒരു പൊതുപരിപാടിയില്‍ ഇതിന് മറുപടി നല്‍കുകയായിരുന്നു കൃഷ്ണ ഗോപാല്‍.