മറ്റ് രാജ്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് ബലി കര്‍മ്മം ചെയ്യുമ്പോള്‍ തുറന്നയിടങ്ങളില്‍ പലപ്പോഴും ബലി കര്‍മ്മത്തിന് ശേഷമുള്ള രക്തം അടക്കമുള്ളവ പൊതുനിരത്തുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച ഇന്ത്യയില്‍ പലയിടത്തും ദൃശ്യമായിരുന്നു
ദില്ലി: ഈദ് - ഉൽ - അദാ ആഘോഷങ്ങള്‍ക്ക് ശേഷവും അവസാനിക്കാതെ മൃഗബലി സംബന്ധിച്ച ചര്‍ച്ചകള്‍. സൌദി അറേബ്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിലെ ബലി പെരുന്നാള്‍ ആഘോഷങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയില്‍ പിന്തുടരുന്ന ചില രീതികളേക്കുറിച്ച് വിമര്‍ശനം ഉയരുന്നത്. മറ്റ് രാജ്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് ബലി കര്‍മ്മം ചെയ്യുമ്പോള്‍ തുറന്നയിടങ്ങളില്‍ പലപ്പോഴും ബലി കര്‍മ്മത്തിന് ശേഷമുള്ള രക്തം അടക്കമുള്ളവ പൊതുനിരത്തുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച ഇന്ത്യയില്‍ പലയിടത്തും ദൃശ്യമായിരുന്നു.
സൌദി അറേബ്യ, യുഎഇ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ മൃഗബലിക്കായി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഉപദ്വീപിലെ പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം മാനദണ്ഡങ്ങള്‍ സാരമായി ലംഘിക്കപ്പെടുന്നതായാണ് വിലയിരുത്തുന്നത്. അഴുക്കുചാലുകളിലും റോഡുകളിലും രക്തവും ബലിമൃഗത്തിന്‍റെ അവശിഷ്ടങ്ങളും അവശേഷിക്കുന്നത് സാധാരണ കാഴ്ചയായി മാറുന്നത് വലിയ രീതിയിലുള്ള മലിനീകരണത്തിനും കാരണമാകുന്നുണ്ട്. വിശുദ്ധമായ ഒരു കര്‍മ്മത്തോടുള്ള പരിഹാസം കൂടിയാണ് ഇത്തരം നടപടികള്‍.
മുസ്ലിം രാജ്യമായ സൌദി അറേബ്യയില്‍ ബലി അര്പ്പിക്കുന്നതിനായി സ്വകാര്യ ഇടങ്ങളുണ്ട്. ഇവിടങ്ങളിലും വൃത്തിയും ഉറപ്പാക്കപ്പെടുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇത്തരം മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് കുറ്റകൃത്യമാണ്. മാനദണ്ഡങ്ങളില്‍ വരുന്ന ലംഘനങ്ങള്‍ അബുദാബിയിലും ശിക്ഷാര്‍ഹമാണ്. മാലിദ്വീപില്‍ ഇതിനായി ഒരു ദ്വീപാണ് വിട്ടുനല്‍കിയിട്ടുള്ളത്. ഇവിടമല്ലാതെ മറ്റൊരിടത്തും മൃഗബലി അനുവദനീയമല്ല. ബലിയുടെ അവശിഷ്ടങ്ങള്‍ കടലില്‍ കലരാതെ വള നിര്‍മ്മാണത്തിനാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.
ഇത്തരം സാഹചര്യങ്ങള്‍ വരണമെങ്കില്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് അജ്മീര്‍ ദര്‍ഗയുടെ ചുമതലയുള്ള ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി വിലയിരുത്തുന്നത്. ബലി കര്‍മ്മതിനായുള്ള ഇടമൊരുക്കുന്നത് മുതല്‍ മാംസം വിതരണം ചെയ്യുന്നതിന് അടക്കം മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരത്തില്‍ സാധിക്കുമെന്നും ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

