Asianet News MalayalamAsianet News Malayalam

അതിർത്തി തർക്കം: കൂടുതല്‍ മേഖലകളിൽ പിന്മാറ്റം ചര്‍ച്ച ചെയ്യാൻ വീണ്ടും സൈനികയോഗം

പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഗോഗ്ര, ഹോട്ട്സ് പ്രിംഗ്സ് മേഖലകളിലെ പിന്മാറ്റത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത്.

india china border dispute updates
Author
delhi, First Published Feb 21, 2021, 4:00 PM IST

ദില്ലി: യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. കൂടുതല്‍ മേഖലകളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ച ചെയ്യാൻ വീണ്ടും കമാന്‍ഡര്‍ തല യോഗം ചേരാനും ധാരണയായി. സംയുക്ത പ്രസ്താവന ഇന്ന് പുറത്തിറക്കിയേക്കും.

പതിനാറ് മണിക്കൂര്‍ നീണ്ട പത്താംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഗോഗ്ര, ഹോട്ട്സ് പ്രിംഗ്സ് മേഖലകളിലെ പിന്മാറ്റത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത്. അതിര്‍ത്തിയില്‍ സമാധാനം പുലരേണ്ടത് അത്യാവശ്യമാണെന്നും ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് മേഖലകളില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്നും ഇന്ത്യന്‍ സംഘത്തെ നയിച്ച കമാന്‍ഡര്‍ പിജെകെ മോനോന്‍ ചൈനയോട് ആവശ്യപ്പെട്ടു. തര്‍ക്ക മേഖലകളായി ഇപ്പോഴും നിലനില്‍ക്കുന്ന ദെസ്പാംഗില്‍ പട്രോളിംഗിനുള്ള അവകാശത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള പോയിന്‍റുകളിലേക്കുള്ള പട്രോളിംഗ് ചൈന തടഞ്ഞിരിക്കുന്നത് ഇന്ത്യ യോഗത്തില്‍ ചര്‍ച്ചയാക്കി. ദംചോക്കില്‍ തുടരുന്ന ചൈനയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ അതൃപ്തിയറിയിച്ച ഇന്ത്യ അവിടെയുള്ള താമസക്കാരെ ആട് മേയ്ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ മേഖലകളിലെ പിന്മാറ്റത്തോട് ചൈന അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം. 2013 മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന കൂടിയാലോചന സമിതി യോഗം ചേരട്ടെയെന്നാണ് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഈ യോഗത്തിന്മേലുള്ള തീരുമാനങ്ങളിലാകും പതിനൊന്നാം വട്ട സംയുക്ത കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുക.

Follow Us:
Download App:
  • android
  • ios