Asianet News MalayalamAsianet News Malayalam

ചൈനയുടെ കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു, സംഘർഷം തുടങ്ങിയത് ചൈന പിൻമാറാൻ വിസമ്മതിച്ചതോടെ

ദില്ലിയിൽ വീണ്ടും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അർദ്ധരാത്രിയോടെ മോദി സൈനികമേധാവിമാരുമായും വിദേശകാര്യ, പ്രതിരോധമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

india china clash commanding officer of chinese army also killed in border stand off reveals ani
Author
New Delhi, First Published Jun 17, 2020, 11:57 AM IST

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിലെ ഗാൽവൻ താഴ്‍വരയിൽ തിങ്കളാഴ്ച വൈകിട്ട് തുടങ്ങി രാത്രി വരെ നീണ്ട സംഘർഷത്തിൽ ഒരു ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ - ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ നിരവധി തവണയായി എത്തുന്നുണ്ടെന്നും, ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനോ ആണെന്നുമാണ് വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. 43- ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു എന്നാണ് എഎൻഐ ഇന്നലെ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈനീസ് ഔദ്യോഗികമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല, വാർത്തകൾ പുറത്തുവിടുന്നുമില്ല. 

ദില്ലിയിൽ വീണ്ടും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അർദ്ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികമേധാവിമാരുമായും വിദേശകാര്യ, പ്രതിരോധമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

''പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഏകദേശകണക്ക് അതിർത്തിയിൽ ഗാൽവൻ നദിക്കരയ്ക്ക് സമീപത്തെ ട്രാക്കിലൂടെയുള്ള ചൈനീസ് ഹെലികോപ്റ്റർ നീക്കത്തിന്‍റെ അടിസ്ഥാനത്തിലാണ്. സംഘർഷം നടന്ന പ്രദേശത്ത് നിന്ന് സ്ട്രെച്ചറുകളിൽ കൊണ്ടുപോയ സൈനികരുടെ എണ്ണവും ആംബുലൻസുകളുടെ എണ്ണവും കണക്കിലെടുത്താണ് ഈ വിലയിരുത്തൽ നടത്തുന്നത്'', എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എത്ര പേർ മരിച്ചുവെന്ന് കൃത്യമായ കണക്ക് ഇപ്പോൾ പറയാൻ സാധ്യമല്ലെങ്കിലും, നാൽപ്പതിലധികം പേർ മരിച്ചിരിക്കാൻ സാധ്യതയുണ്ട്, എന്ന് എഎൻഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നു. 

ഗാൽവൻ താഴ്‍വരയിലെ പ്രധാന മേഖലകളിലൊന്നായ Key Point 14-ൽ ചൈന സ്ഥാപിച്ച ടെന്‍റ് മാറ്റാൻ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘർഷത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കേന്ദ്രസർക്കാരോ ചൈനീസ് സർക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യൻ പട്രോളിംഗ് പോയന്‍റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്‍റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് നിന്ന് പിൻമാറുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തിവരികയായിരുന്നു. 14-ാം പട്രോളിംഗ് പോയന്‍റിനടുത്ത് എത്തിയപ്പോൾ ഇവിടെ കെട്ടിയ ടെന്‍റ് ചൈനീസ് സൈന്യം അഴിച്ച് മാറ്റാൻ തയ്യാറായില്ല. പിന്നീട് ഇരുസൈന്യവും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിഞ്ഞുവെന്നും, ഇരുമ്പുവടികളും പാത്തികളുമായി ഏറ്റുമുട്ടിയെന്നുമാണ് റിപ്പോർട്ടുകൾ. 

ഗാൽവൻ, ഷ്യോക് നദികളുടെ സമീപപ്രദേശത്തുള്ള പതിനാലാം പട്രോളിംഗ് പോയന്‍റിന് തൊട്ടടുത്താണ് കഴി‍ഞ്ഞയാഴ്ച കമാൻഡർ തല തർച്ച നടന്നത്. ഈ യോഗത്തിലാണ് അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചർച്ചകൾ തുടരാൻ തീരുമാനമായതും. മെയ് ആദ്യവാരം തുടങ്ങിയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്കിടെയാണ് ചൈനീസ് പ്രകോപനം. 

ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവന ഇതായിരുന്നു:

''കിഴക്കൻ ലഡാക്കിന്‍റെ അതിർത്തിപ്രദേശത്ത് ഇരുസേനകളും പിൻമാറാനുള്ള നടപടികൾ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത് വരികയായിരുന്നു. 

ജൂൺ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാൻഡർമാർ യോഗം ചേർന്ന്, സൈനികരെ മേഖലയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാൻഡർമാർ മേഖലയിൽ പരസ്പരം യോഗം ചേർന്ന്, എങ്ങനെ സൈന്യത്തെ പിൻവലിക്കാമെന്നതിൽ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി വരികയായിരുന്നു.

ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാൽവൻ താഴ്‍വരയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല. 

ജൂൺ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തു. ചൈന അതിർത്തി ധാരണ ലംഘിച്ച്, ഇത് മാറ്റാൻ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയർന്ന നയതന്ത്ര, സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു.

അതി‍ർത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

അതിർത്തിയിൽ സമാധാനവും ശാന്തിയും തുടരേണ്ടതിന്‍റെ ആവശ്യകതയിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനിൽക്കും''.

Follow Us:
Download App:
  • android
  • ios