ദില്ലി: ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. സിക്കിമിലെ നാഖുലയില്‍ മൂന്ന് ദിവസം മുന്‍പുണ്ടായ ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയായ നാഖുലയില്‍ ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ച് കടന്നതാണ് പ്രകോപന കാരണം. തുടര്‍ന്ന് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സായുധമായ ഏറ്റുമുട്ടല്‍ ആയിരുന്നില്ലെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ 20 ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റെന്നാണ് വിവരം. ആരുടെയും നില ഗുരുതരമല്ല. എന്നാല്‍ റിപ്പോര്‍ട്ടുകളോട് പ്രതിരോധമന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേ സമയം സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രതികരിച്ചു. 

ഒന്‍പതാം വട്ട സൈനിക തല ചര്‍ച്ച നടന്നതിന് തൊട്ടുമുന്‍പുണ്ടായ ഏറ്റുമുട്ടലിനെ അതീവ ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഇതുവരെ നടന്ന ചർച്ചയില്‍ സമവായമായില്ലെങ്കിലും ഏറ്റുമുട്ടല്‍ സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട ഒന്‍പതാം വട്ട ചര്‍ച്ചയിലും സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചെങ്കിലും ചൈന അനുകൂലമായി പ്രതികരിച്ചിട്ടില്ല.