Asianet News MalayalamAsianet News Malayalam

അതിർത്തിയിലെ സേനാ പിന്മാറ്റം സ്ഥിരീകരിച്ച് ഇന്ത്യ; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കും

ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിൽ ഗോഗ്ര - ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്ന് പിൻമാറാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നു.മറ്റു മേഖലകളിലെ പിൻമാറ്റത്തിൽ ഇരു രാജ്യങ്ങളും ചർച്ച തുടരുമെന്നും ഇന്ത്യ

India China disengagement, troops starts withdrawing from  Gogra Hotsprings region
Author
First Published Sep 9, 2022, 3:43 PM IST

ദില്ലി: അതിർത്തിയിലെ ഗോഗ്ര - ഹോട്ട്സ്പ്രിംഗ്സ് മേഖലകളിൽ നിന്ന് സേനാ പിൻമാറ്റം തുടരുന്നു എന്ന് ഇന്ത്യ. അതിർത്തിയിലെ താല്ക്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു മേഖലകളിലെ പിൻമാറ്റത്തിൽ ഇരു രാജ്യങ്ങളും ചർച്ച തുടരുമെന്നും ഇന്ത്യ അറിയിച്ചു. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിൽ ഗോഗ്ര - ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ പട്രോൾ പോയിൻറ് 15ൽ നിന്ന് പിൻമാറാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നു. അടുത്ത ആഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കാനാണ് ധാരണ. ഈ മാസം പതിനഞ്ചിന് ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ കളമൊരുക്കാനാണ് സേനാ പിന്മാറ്റം എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നചത്. അതേസമയം കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യയോ ചൈനയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം, ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് പിന്മാറി തുടങ്ങി

ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിൻമാറ്റം സാവധാനത്തിൽ, വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നാണ് ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗമാണ് ഇന്നലെ നടന്നത്. യോഗത്തിൽ അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങുകയായിരുന്നു. നേരത്തെ, ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു. അടുത്തയാഴ്ച ഷാങ്ഹായി സഹകരണ ഉച്ചകോടി  ഉസ്ബെക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതിന്‍റെ സൂചന വരുന്നത്. 

 

Follow Us:
Download App:
  • android
  • ios