ദില്ലി: ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്ന് ആറാമത്തെ കമാന്റർ തല ചർച്ചയിൽ ഇന്ത്യയും ചൈനയും തമ്മിൽ തീരുമാനമായി. ഇരു രാജ്യങ്ങളും പരസ്പരം തെറ്റിദ്ധാരണ ഒഴിവാക്കാനും ഏകപക്ഷീയമായി തൽസ്ഥിതി മാറ്റുകയുമില്ല. ഇതിന് പുറമെ പ്രശ്ന പരിഹാരത്തിനായി വീണ്ടും കമാന്റർ തല ചർച്ച നടത്താനും തീരുമാനമായി. ഇത് വൈകാതെ നടത്തുമെന്ന് ചർച്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യൻ നിലപാട്.  എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചൈനയുമായുള്ള കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദേശ കാര്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്നലെ രാത്രി വൈകിയും ചർച്ച നീണ്ടുവെങ്കിലും സമവായത്തിലെത്തിയില്ല. ശൈത്യകാലത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്.