Asianet News MalayalamAsianet News Malayalam

അതിര്‍ത്തിയില്‍ നെഞ്ചിടിപ്പേറുന്നു; ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്

പാങോങ് ട്‌സൊ മേഖലയിലും ഗല്‍വാന്‍ വാലിയിലും ഇന്ത്യ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത.
 

India China soldiers Likely Headed Towards Face-Off In Ladakh Report
Author
New Delhi, First Published May 26, 2020, 12:52 PM IST

ദില്ലി: ദോക് ലാമിന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിച്ചതോടെയാണ് ആശങ്കകള്‍ ഉടലെടുത്തത്. പാങോങ് ട്‌സൊ മേഖലയിലും ഗല്‍വാന്‍ വാലിയിലും ഇന്ത്യ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. ചൈന ഇവിടെ 2000-2500 സൈനികരെ അധികമായി വിന്യസിച്ചിരുന്നു. മേഖലിയിലെ ഇന്ത്യന്‍ സൈനികരുടെ എണ്ണം ചൈനയേക്കാള്‍ അധികമാണെന്ന് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗല്‍വാന്‍ വാലിയിലെ വിവിധ മേഖലകളില്‍ ചൈനീസ് സൈനികരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിച്ചിരുന്നത്. 

സ്ഥിതിഗതികള്‍ ഗൗരവമാണെന്നും സാധാരണ നിലയിലല്ല കാര്യങ്ങളെന്നും നോര്‍ത്തേണ്‍ ആര്‍മി മുന്‍ കമാന്‍ഡര്‍ ജനറല്‍ ഡിഎസ് ഹൂഡ പറഞ്ഞു. ഗാല്‍വാലി വാലി പ്രദേശങ്ങളിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും കാര്യങ്ങള്‍ സാധാരണ നിലയിലല്ലെന്നും നയതന്ത്ര വിദഗ്ധ അംബാസഡര്‍ അശോക് കെ കാന്തയും അഭിപ്രായപ്പെട്ടു. അതേസമയം സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ നയതന്ത്ര ഇടപെടലും ആരംഭിച്ചു. 

ഗാല്‍വാന്‍ വാലി പ്രദേശത്ത് അധികമായി നൂറോളം സൈനിക കൂടാരങ്ങളും വന്‍ നിര്‍മാണ സന്നാഹങ്ങളും ചൈന സജ്ജീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും മേഖലയില്‍ പട്രോളിംഗ് ആരംഭിച്ചു. മെയ് അഞ്ചിന് കിഴക്കന്‍ ലഡാക്കില്‍ ഇരു സൈന്യവും നേര്‍ക്കുനേര്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവിഭാഗവും ഇരുമ്പ് വടിയും കല്ലുമുപയോഗിച്ച് ഏറ്റുമുട്ടിയെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് നോര്‍ത്ത് സിക്കിമിലും പ്രശ്‌നമുണ്ടായി. 

ഇന്ത്യന്‍ സൈനികര്‍ ചൈനീസ് മേഖലയില്‍ നുഴഞ്ഞുകയറുകയാണെന്ന ആരോപണം ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ തള്ളി. 2017ല്‍ ദോക് ലാമില്‍ ഇരു വിഭാഗം സൈനികരും ദിവസങ്ങളോളം ഏറ്റുമുട്ടിയിരുന്നു.
 

Follow Us:
Download App:
  • android
  • ios