ദില്ലി: ലഡാക്കിലെ ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിലും അതിർത്തിയിലും തിരക്കിട്ട ചർച്ചകളാണ് തുടരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് തൊട്ടുമുമ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. രാജ്നാഥ് സിംഗും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. കരസേനയുടെ പ്രസ്താവനയോ വാർത്താസമ്മേളനമോ ഇതിന് ശേഷം പ്രതീക്ഷിക്കപ്പെടുന്നു. 

യോഗത്തിന് തൊട്ടുമുമ്പും ശേഷവും പ്രതിരോധമന്ത്രി കരസേനാമേധാവി എം എം നരവനെയുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോൾ ദില്ലിയിൽ പ്രതിരോധമന്ത്രിയുടെ വസതിയിൽ പ്രതിരോധസേനാതലവൻ ബിപിൻ റാവത്ത്, കരസേനാമേധാവി എം എം നരവനെ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ പങ്കെടുക്കുന്ന രണ്ടാംവട്ട ചർച്ച നടക്കുകയാണ്. അതിർത്തിയിൽ ഇപ്പോഴും ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച തുടരുകയുമാണ്.

അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യയെ ചൈന അറിയിച്ചെന്നും, വിദേശകാര്യവക്താവ് സാവോ ലിജിയൻ വ്യക്തമാക്കി. 

''നിലവിലുള്ള അതിർത്തിരേഖകളെ മാനിക്കണമെന്ന് ഇന്ത്യയോട് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. മുൻനിരയിലുള്ള സൈനികട്രൂപ്പുകളെ ഇന്ത്യ നിയന്ത്രിച്ചേ തീരൂ'', എന്നാണ് സാവോ ലിജിയൻ വ്യക്തമാക്കിയത്. 

ആക്രമണം നടന്നുവെന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കരസേനാമേധാവി എം എം നരവനെ പത്താൻകോട്ട് സന്ദർശനം റദ്ദാക്കി ദില്ലിയിലേക്ക് തിരിച്ചു. ദില്ലിയിലെത്തി ആദ്യം തന്നെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് അതിർത്തിയിലെ സ്ഥിതിഗതികൾ സൈനികമേധാവി വിശദീകരിച്ചു. അതിർത്തിയിൽ അപ്പോൾത്തന്നെ ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിൽ ചർച്ച തുടങ്ങിയിരുന്നു. 

വിവാദഭൂമിയായ അക്‌സായി ചിൻ പ്രവിശ്യയിലാണ് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ഗാൽവൻ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധികാരത്തിലിരിക്കുന്ന അക്‌സായി ചിനിനും ഇടയിലാണ് ഈ താഴ്‌വര. ഇതിലൂടെയാണ് അക്‌സായി ചിന്നിന് ഇന്ത്യൻ മണ്ണിൽ നിന്ന് അതിരിടുന്ന ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ - Line Of Actual Control - കടന്നുപോകുന്നത്. 

വർഷങ്ങളായി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശമാണ് അക്‌സായി ചിൻ. ഇത് ലഡാക്കിന്‍റെ ഭാഗമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. 1962-ലെ യുദ്ധത്തിന് ശേഷം ചൈന അന്യായമായി കയ്യടക്കി വെച്ചിരിക്കുന്നതാണ് ഈ പ്രദേശം. ചൈനയുടെ സിൻജിയാങ്ങ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും ഒക്കെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ പരിഗണനകളാൽ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 1962-ലെ യുദ്ധസമയത്തും ഇവിടെ കാര്യമായ പോരാട്ടങ്ങൾ നടന്നിട്ടുള്ളതാണ്.

കഴിഞ്ഞ അഞ്ചാഴ്ചയോളമായി ഇന്ത്യ - ചൈന സൈനികർ തമ്മിൽ ഗാൽവൻ താഴ്വരയിൽ മുഖാമുഖം നിൽക്കുകയായിരുന്നു. ഗാൽവൻ താഴ്‍വരയിൽ നിന്ന് സൈനികർ പിൻമാറിവരികയാണെന്ന് കരസേനാമേധാവി എം എം നരവനെ പറഞ്ഞതിന് രണ്ട് ദിവസത്തിനകമാണ് ഇത്തരമൊരു പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.