അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും.
ദില്ലി: ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും. അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും. സേനകൾക്കിടയിലടക്കം അതിർത്തിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. ഇപ്പോൾ വടക്കൻ മേഖലയിൽ മാത്രമാണ് ഇതുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കും. നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും തുടങ്ങും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ വീണ്ടും നല്കി തുടങ്ങും. അതിർത്തിയിലെ സേന പിൻമാറ്റത്തിനുള്ള ധാരണ നടപ്പാക്കും. ബ്രിക്സ് ഉച്ചകോടി 2026ൽ ഇന്ത്യയിൽ നടത്തും. ഷി ജിൻപിങ് ഇതിനായി ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നയതന്ത്ര ബന്ധം വന്നതിൻറെ 75ആം വാർഷികം ഇക്കൊല്ലം ആഘോഷിക്കും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ എസ് ജയശങ്കർ, അജിത് ഡോവൽ എന്നിവരുമായി നടത്തിയ ചർച്ചകളിലാണ് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാങ് യീ കണ്ടിരുന്നു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രത്യേകം കാണുമെന്ന് നരേന്ദ്ര മോദി അറിയിച്ചു.

