ദില്ലി: കൊവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുടിനിക്ക് അഞ്ച് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 

വാക്സിൻ പരീക്ഷത്തിലും പ്രയോഗത്തിലും സഹകരിക്കുന്നതിനായി റഷ്യ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നതും നിർമ്മാണത്തിൽ സഹകരിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണ്. വളരെ പ്രധാന്യത്തോടെയാണ് റഷ്യയുടെ ആവശ്യത്തെ നോക്കി കാണുന്നതെന്നും നീതി ആയോഗ് അംഗം വി.കെ.പോൾ അറിയിച്ചു. 
 
അതേസമയം റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്കിന്റെ മൂന്നാംഘട്ട പരീക്ഷണ ഇന്ത്യയിൽ നടത്തിയേക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അടുത്തമാസത്തോടെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങാനാണ് നീക്കം.എന്നാൽ വിദഗ്ദ്ധ പഠനത്തിന് ശേഷമേ ഇതിന് അനുമതി നൽകൂവെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യയ്ക്ക് പുറമേ സൗദി അറേബ്യ, യുഎഇ, ഫിലിപ്പിയൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലും വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് റഷ്യയുടെ നീക്കം. ഇതുവരെ നടത്തിയ പരീക്ഷണത്തിന്റെ വിശദാശംങ്ങൾ ഇന്ത്യയക്ക് റഷ്യ കൈമാറിയതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിർലി ദ്വമിത്രേവ് അറിയിച്ചു. 

പരീക്ഷണത്തിന്റെ പ്രാഥമിക ഫലം നവംബറോടെ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട രാജ്യങ്ങൾ ഒന്നും വാക്സിന്‍ പരീക്ഷണത്തിന് തയ്യാറാകാത്തിനെ തുടർന്ന് റഷ്യയുടെ ഇന്ത്യൻ അംബാസിഡർ നിക്കോളെ കുദ്ഷവ് കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. വാക്സിൻ വികസനം, വിതരണം, ഉൽപാദനം എന്നിവയിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള താത്പര്യമാണ് റഷ്യ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

എന്നാൽ മൂന്നാം ഘട്ട ട്രയൽ നടത്തുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടില്ല. മരുന്നിന്റെ പരീക്ഷണം വിവരങ്ങൾ പഠിച്ചതിന് ശേഷം ഈക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുമെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. റഷ്യ സന്ദർശിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് റഷ്യയുടെ വാക്സിൻ ഗവേഷണത്തെ അഭിനന്ദിച്ചിരുന്നു. വിദേശകാര്യമന്ത്രി മന്ത്രി എസ്.ജയശങ്കർ ഔദ്യോഗിക ചർച്ചകൾക്കായി ഇന്ന് റഷ്യയിൽ എത്തുന്നുണ്ട്. വിദേശകാര്യമന്ത്രി നേരിട്ട് നടത്തുന്ന ചർച്ചകളിൽ വാക്സിൻ പരീക്ഷണത്തിൽ ഏകദേശ ധാരണയുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.