ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 82,29,313 പേരാണ് ഇതുവരെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗം ബാധിക്കുകയും 496 പേർ മരണമടയുകയും ചെയ്തു. അതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി.  53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു. കണക്കുകൾ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. 

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു. 113 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 44,000 കടന്നു. ദില്ലിയിൽ 5,664 പേർക്കും കർണാടകയിൽ 3652 പേർക്കും, തമിഴ്നാട്ടിൽ 2504 പേർക്കും പുതുതായി രോഗം സ്ഥീരികരിച്ചു. 

ഉത്സവ സീസണും  ശൈത്യവും  അന്തരീക്ഷ മലിനീകരണവും ദില്ലിയിലെ  സാഹചര്യം സങ്കീർണമാക്കുകയാണ്. ദില്ലിയിൽ  രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയം ഇന്ന് യോഗം ചേരും.
അതേ സമയം കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിൻ  അടുത്ത വർഷം രണ്ടാം പാദത്തോടെ പുറത്തിറക്കാനാണ് ലക്ഷ്യമെന്ന്  ഭാരത് ബയോടെക് അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഭാരത് ബയോടെക് ഈക്കാര്യം വ്യക്തമാക്കിയത്. വാക്‌സിൻ വിപണിയിൽ എത്തിക്കണമെങ്കിൽ ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. അനുമതിയ്ക്കായി ഉടൻ ഭാരത് ബയോടെക് അതോറിറ്റിയെ സമീപിക്കുമെന്നാണ് സൂചനകൾ.