Asianet News MalayalamAsianet News Malayalam

Covid India : കൊവിഡ് ഉയർന്ന് തന്നെ, രാജ്യത്ത് മൂന്നരലക്ഷം പ്രതിദിന കൊവിഡ് കേസുകൾ

മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇത് രാജ്യത്തെ വാക്സിനേഷന്‍ വിതരണത്തിന്‍റെ ഗുണഫലമാണെന്നുമാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തൽ

India covid cases crossed 3.4 lakh within 24 hour
Author
Delhi, First Published Jan 21, 2022, 12:06 PM IST

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് (India Covid 19) കേസുകള്‍ മൂന്നരലക്ഷത്തിനിടുത്തെത്തി. 24 മണിക്കൂറിനിടെ 3,47,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ട് മുമ്പത്തെ ദിവസത്തേക്കാൾ 9 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമാണ്. ഇരുപത് ലക്ഷം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 29 സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ഇതുവരെ 9692 പേരിലാണ് സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇത് രാജ്യത്തെ വാക്സിനേഷന്‍ വിതരണത്തിന്‍റെ ഗുണഫലമാണെന്നുമാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തൽ. 160 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ ഇതുവരെ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 

ഇതിനിടെ വിദേശ വിമാനയാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്ര സർക്കാര്‍ ഇളവ് ഏര്‍പ്പെടുത്തി.വിമാനത്താവളത്തില്‍ കൊവിഡ് പോസ്റ്റീവ് ആയാലും ലക്ഷണമില്ലാത്തവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശം. നിരീക്ഷണം ഒരാഴ്ച പൂര്‍ത്തിയാക്കിയാല്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. 

Covid : കൊവിഡ് വ്യാപനത്തിനിടയിലും മാറ്റമില്ല, കാസർക്കോട്ടും തൃശ്ശൂരിലും സിപിഎം സമ്മേളനങ്ങൾ

പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ദില്ലി സർക്കാര്‍. 12,306 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പത്തെ ദിവസത്തേക്കാള്‍ 10.72 ശതമാനം കുറവാണിത്. അതിനാല്‍ വെള്ളി മുതല്‍ ശനി വരെയുള്ള വാരാന്ത്യ കര്‍ഫ്യൂ നീക്കാനുള്ള ശുപാര്‍ശ ദില്ലി സർക്കാര്‍ ലെഫ്.ഗവര്‍ണറിന് കൈമാറി. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും തുറക്കാനാകും. അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ പേർക്ക് ദിവസവും പരിശോധന നടത്താറുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്രജെയിന്‍ പറഞ്ഞു. അതേസമയം സുപ്രീംകോടതിയിലെ 12 ജ‍ഡ്ജിമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിഗണിക്കാനിരുന്ന പല കേസുകളും മാറ്റിവെച്ചു. 

Follow Us:
Download App:
  • android
  • ios