ദില്ലി: ഇന്ത്യയിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2206 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 67152 ആണ്. 20917 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ 22171 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 832 ആയി. ഗുജറാത്തിലെ രോഗികളുടെ എണ്ണം 8194 ഉം മരിച്ചവരുടെ എണ്ണം 493 മാണ്. ദില്ലിയിൽ രോഗം ബാധിച്ച 6923 പേരിൽ 73 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 4000ത്തിലേറെ പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 13000 കടന്നു. ഇന്നലെ 875 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ മരണ സംഖ്യ 500 കടന്നു. 

ആർതർ റോഡ് സെൻട്രൽ ജയിലിൽ ഇന്നലെ 81 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരടക്കം 184 പേർ ഇവിടെ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗുജറാത്തിൽ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്നലെ 398 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8195 ആയി. ഇന്നലെ 21 പേർ മരിച്ചതോടെ മരണ സംഖ്യ493 ആയി.

മുംബൈയില്‍ നിന്നുള്ള അഞ്ച് എയർ ഇന്ത്യ പൈലറ്റ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ‍ ചൈനയിലെ ഗാങ്ഷൗവിലേക്ക് മെ‍ഡിക്കല്‍ സാമഗ്രികളടക്കമുള്ള ചരക്കുമായി പോയ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.