പാകിസ്ഥാനിലെ ജനങ്ങൾക്ക് കൊറോണ വൈറസിൽ നിന്ന് എത്രയും പെട്ടെന്ന് കര കയറാൻ സാധിക്കട്ടെ എന്നും മോദി കത്തിൽ ആശംസിച്ചു.  

ദില്ലി: പാകിസ്ഥാനുമായി സുഹൃദ്ബന്ധം നിലനിർത്താനാണ് ഇന്ത്യ ആ​ഗ്രഹിക്കുന്നതെന്നും അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി മോദി. പാകിസ്ഥാന്റെ ദേശീയ ദിനാചരണത്തോട് അനുബന്ധച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് അയച്ച കത്തിലാണ് മോദി ഇപ്രകാരം കുറിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ചൊവ്വാഴ്ചയാണ് ദേശീയ ദിനാഘോഷം നടന്നത്. ദിനത്തോട് അനുബന്ധിച്ച് പാകിസ്ഥാനിലെ എല്ലാ ജനങ്ങൾക്കും ആശംസ അറിയിക്കുന്നതായും മോദി കത്തിൽ അറിയിച്ചു. 

'അയൽരാജ്യമെന്ന നിലയിൽ പാകിസ്ഥാനുമായി നല്ല സുഹൃദ്ബന്ധത്തിലായിരിക്കാനാണ് ഇന്ത്യ ആ​ഗ്രഹിക്കുന്നത്. ഇതിനായി ഭീകരതയും ശത്രുതയും ഇല്ലാത്തെ വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്.' മോദി കത്തിൽ കുറിച്ചു. എല്ലാവർഷവും കത്ത് അയക്കാറുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാനിലെ ജനങ്ങൾക്ക് കൊറോണ വൈറസിൽ നിന്ന് എത്രയും പെട്ടെന്ന് കര കയറാൻ സാധിക്കട്ടെ എന്നും മോദി കത്തിൽ ആശംസിച്ചു. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മെച്ചപ്പെട്ട മുന്നേറ്റമാണ് കാണുന്നത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിച്ചത് നല്ല ബന്ധത്തിന്റെ സൂചന നൽകുന്നുണ്ട്. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌ വര്‍ധന്‍ ശൃംഗല പറഞ്ഞു. മാര്‍ച്ച്‌ 23 ആണ് പാകിസ്ഥാന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.