ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തില്‍ പ്രതികരിക്കാതെ ഇന്ത്യ. ചൈനയുമായുള്ള തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടല്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ട്രംപിന്റെ സഹായവാഗ്ദാനത്തിന് ഇന്ത്യ മറുപടി നല്‍കിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. 

ഇരുരാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇടപെടല്‍ തുടരുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1993 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസമാണ് ഇന്ത്യയും ചൈനയുമായുള്ള പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചത്. എന്നാല്‍, ചൈനയോ ഇന്ത്യയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈനക്കും ഇന്ത്യക്കും കൃത്യമായ വഴികളുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാഴോ ലിജിയനും വ്യക്തമാക്കി. ലഡാക്കിലെയും സിക്കിമിലെയും അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായത്. മെയ് അഞ്ചിന് ഇരുവിഭാഗം സൈനികരും കൊമ്പുകോര്‍ത്തിരുന്നു. പിന്നീട് ഇരു വിഭാഗവും സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു.

മുമ്പ് കശ്മീര്‍ വിഷയത്തിലും മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു.