ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ഡീസലിൽ 15% വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ ഒരുങ്ങുന്നു. എഥനോളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ ഇന്ധനം ഊർജ്ജസ്വയംപര്യാപ്തതയും മലിനീകരണം കുറയ്ക്കലും ലക്ഷ്യമിടുന്നു. വിജയകരമായ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം, ഒപ്പം എഥനോൾ മിശ്രിത പദ്ധതിക്കെതിരായ തെറ്റായ പ്രചാരണങ്ങളെയും സർക്കാർ തള്ളിക്കളയുന്നു.

ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള മികച്ചൊരു ഇന്ധനമായി മാറുമെന്നും ഊർജ്ജസ്വയംപര്യാപ്തതയിലേക്കും പുകമലിനീകരണം കുറയ്ക്കുന്നതിലേക്കുമുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സാങ്കേതികവിദ്യയുടെ ഭാഗമായി നടത്തിയ പൈലറ്റ് പ്രകടനങ്ങൾ വിജയകരമായ ഫലങ്ങളാണ് നൽകിയിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 100 ശതമാനം എഥനോളിലും ഐസോബ്യൂട്ടനോളിലും രണ്ട് ജനറേറ്റർ സെറ്റുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു കഴിഞ്ഞു. ഈ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനുകൾ നിർമ്മിക്കാൻ സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. പരമ്പരാഗത ബയോഫ്യുവലുകളെ അപേക്ഷിച്ച് ഉയർന്ന ഊർജ്ജ സാന്ദ്രത എഞ്ചിനുകളുമായുള്ള മികച്ച അനുയോജ്യത, കുറഞ്ഞ മലിനീകരണം എന്നിവ ഐസോബ്യൂട്ടനോളിന്റെ സവിശേഷതകളാണ്. ഇത് ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ സഹായിക്കും.

സോഷ്യൽ മീഡിയയിലൂടെ എഥനോൾ മിശ്രിത പദ്ധതിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെയും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം തള്ളി. എഥനോൾ ഉത്പാദനം അമിതമായി ജലവിഭവങ്ങൾ നശിപ്പിക്കുന്നുണ്ടെന്നോ, വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ടെന്നോ, ഇൻഷുറൻസും വാറന്റിയും ഇല്ലാതാക്കുന്നുണ്ടെന്നോ ഉള്ള വാദങ്ങൾ മന്ത്രാലയം നിഷേധിച്ചു. ഈ പദ്ധതി കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. 2025 ഡിസംബറോടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുക എന്ന ലക്ഷ്യം ഇന്ത്യ സമയപരിധിക്കും മുൻപേ കൈവരിച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ ബയോഫ്യുവൽ പദ്ധതിയിലൂടെ 1.9 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാനും അസംസ്‌കൃത എണ്ണ ഇറക്കുമതിയും കാർബൺ പുറന്തള്ളലും കുറയ്ക്കാനും കർഷകരുടെ വരുമാന അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.