രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ മധുരൈ ഒന്നാമതെത്തി. ബെംഗളൂരു, ചെന്നൈ, ദില്ലി തുടങ്ങിയ പ്രമുഖ നഗരങ്ങളും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വച്ഛ സർവേക്ഷൻ 2025 റിപ്പോർട്ട് പ്രകാരമാണ് നഗരങ്ങളെ തിരിച്ചിരിക്കുന്നത്.
രാജ്യത്ത് വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി മധുരൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങൾ. ഇപ്പോൾ പുറത്തിറങ്ങിയ സ്വച്ഛ സർവേക്ഷൻ 2025 റിപ്പോർട്ടിലാണ് ഇന്ത്യയിലെ നഗരങ്ങളുടെ പേരുകൾ റാങ്ക് അടിസ്ഥാനത്തിൽ പുറത്തു വന്നിരിക്കുന്നത്. മാലിന്യ സംസ്കാരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം നിറഞ്ഞ നഗരങ്ങളിൽ 5-ാം സ്ഥാനത്താണ് ഇപ്പോൾ ബെംഗളൂരു നിൽക്കുന്നത്. റാഞ്ചി, ലുധിയാന, ധൻബാദ്, ഫരീദാബാദ്, ഗ്രേറ്റർ മുംബൈ, ശ്രീനഗർ, ദില്ലി എന്നിവയാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ.
4823 പോയിന്റോടെ മധുരൈ രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തി. 5272 സ്കോറുമായി ലുധിയാന, 6822 സ്കോറോടെ ചെന്നൈ തുടങ്ങിയവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റാഞ്ചി- 6835, ബെംഗളൂരു- 6842, ധൻബാദ്- 7196, ഫരീദാബാദ്- 7329, ഗ്രേറ്റർ മുംബൈ- 7419, ശ്രീനഗർ- 7488, ദില്ലി- 7920 എന്നിങ്ങനെ സ്കോറുകളോടെ പിന്നാലെയുണ്ട്.
അതേസമയം, ആദ്ഹാബാദ്, ഭോപ്പാൽ, ലഖ്നൗ, റായ്പൂർ, ജബൽപുര്‍ തുടങ്ങിയവ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ഉള്ളത്. ദില്ലിയും മാലിന്യം നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിംഗിൽ ഇത്തവണത്തെ പ്രധാന വെല്ലുവിളികളായി കണ്ടെത്തിയിട്ടുള്ളത്.


