ഇടുക്കിയിലെ കുട്ടിക്കാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് മദാമ്മക്കുളം. സാഹസികമായ ഓഫ്റോഡ് യാത്രയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്ഥലം, പ്രകൃതിയുടെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യ സ്വർഗ്ഗമാണ്. 

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. പച്ചപുതച്ച വനങ്ങളും ഉയര്‍ന്ന്‌ നില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മനം മയക്കും. ഇടുക്കിയിലെ ടൂറിസ്റ്റ് സ്പോട്ടായ മദാമക്കുള്ളത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കുട്ടിക്കാനത്തു നിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ചെറിയൊരു തടാകത്തിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം, പ്രകൃതിയുടെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യ സ്വർഗ്ഗംപോലെയാണ്. പണ്ടുകാലത്ത് ഇവിടെ തോട്ടം നോക്കുന്ന മദാമ്മ കുതിരപ്പുറത്ത് കയറി ദിവസേന ഈ വെള്ളച്ചാട്ടത്തിനരികിലുള്ള കുളത്തിൽ കുളിക്കാനെത്താറുണ്ടായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് മദാമ്മക്കുളം എന്ന പേര് ലഭിച്ചത്.

ഇവിടേക്കുള്ള യാത്ര തന്നെ ഒരു സാഹസിക അനുഭവമാണ്. കുഴികളെയും കയറ്റങ്ങളെയും കടന്ന് പോകേണ്ട ഈ വഴിയിൽ, ഓഫ്റോഡ് യാത്രകൾ ഇഷ്ടമുള്ളവർക്ക് ഒരു ത്രില്ലിംഗ് അനുഭവം നൽകുന്നു. ശ്രദ്ധിക്കേണ്ട രണ്ട് കാര്യം എന്തെന്നാൽ മദാമ്മക്കുളത്തിലേക്ക് എത്താൻ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കാണ് അനുയോജ്യം എന്നും അട്ട ശല്യത്തെ കരുതിയിരിക്കണം എന്നുമാണ്.

മദാമ്മക്കുളത്തിൽ എത്താൻ സാഹസികത നിറഞ്ഞ ഏകദേശം ആറു കിലോമീറ്റർ നീളമുള്ള യാത്രയാണ് കാത്തിരിക്കുന്നത്. വഴിമധ്യേ പരന്നുകിടക്കുന്ന ഈ പാറക്കെട്ടുകൾക്കിടയിൽ ചില സഞ്ചാരികൾ ടെന്റ് കെട്ടി രാത്രിയൊരുക്കാറുമുണ്ട്. ഇവിടത്തെ പാറക്കെട്ടുകൾ യാത്രയ്ക്കു സുരക്ഷിതമായതാണ്, കൂടാതെ വന്യമൃഗങ്ങളുടെ ശല്യവും ഇല്ലാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല.

അട്ടകളുടെ ശല്യം കാരണം മദാമ്മക്കുളത്തിൽ എല്ലായ്പ്പോഴും കുളിക്കാനാവില്ല. പ്രത്യേകിച്ച് മഴക്കാലത്ത് ഇവയുടെ ആക്രമണ സാധ്യത കൂടുതലായതിനാൽ ജാഗ്രത അനിവാര്യമാണ്. കുട്ടിക്കാനത്തുനിന്ന് ഫോർവീൽ ഡ്രൈവ് ജീപ്പുകൾ വാടകയ്‌ക്ക് ലഭ്യമാണ്. ഇവയാണ് മദാമ്മക്കുളത്തിലേക്കെത്താനുള്ള ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം. ഏകദേശം ആറു കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്കായി ₹2500 രൂപ ചെലവാകും.