നാഗ്പൂര്‍: പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമിയില്‍ ഇന്ത്യയ്ക്ക് താല്‍പ്പര്യമില്ലെന്നും. ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും ശാന്തതയുമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ബിജെപി സംഘടിപ്പിച്ച ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ അണികളെ അഭിസംബോധ ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യ പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമി ആഗ്രഹിക്കുന്നില്ല, ഇന്ത്യയ്ക്ക് എപ്പോഴും ആവശ്യം സമാധാനവും, ശാന്തതയും, സ്നേഹവുമാണ്. ഇതിനായി അയല്‍രാജ്യങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും. അടുത്തിടെ ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് അതിര്‍ത്തി ലംഘനം സംബന്ധിച്ച വാര്‍ത്തകള്‍ സൂചിപ്പിച്ചായിരുന്നു നിതിന്‍ ഗഡ്ഗരിയുടെ വാചകങ്ങള്‍.

ഗുജറാത്ത് ബിജെപിയാണ് വെര്‍ച്വല്‍ റാലി സംഘടിപ്പിച്ചത്. മറ്റ് ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിച്ച് ശക്തരാകുക എന്നതല്ല ഇന്ത്യയുടെ രീതി. ഇന്ത്യ എന്നും വിശ്വസിക്കുന്നത് സമാധാനത്തിലും അഹിംസയിലുമാണ് ഗഡ്ഗരി ചൂണ്ടിക്കാട്ടി. സമാധാനം സ്ഥാപിക്കുന്നതാണ് ഒരു രാജ്യത്തെ ശക്തമാക്കുന്നത്.ഭൂട്ടാനോ, ബംഗ്ലദേശോ പോലുള്ള ഒരു അയല്‍ക്കാരെയും ആക്രമിച്ച് അവരുടെ ഭൂമി ഇന്ത്യ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. 

രാജ്യം നേരിടുന്ന കൊവിഡ് 19 പ്രതിസന്ധിയെ സൂചിപ്പിച്ച ഗഡ്ഗരി, ഈ പ്രതിസന്ധി കൂടുതല്‍ക്കാലം നിലനില്‍ക്കില്ലെന്ന് പ്രത്യാശിച്ചു. കൊവിഡിനെതിരായ വാക്സിന്‍ ഉടന്‍ തന്നെ തയ്യാറാകുമെന്നും ഗഡ്ഗരി പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തിനകത്ത് നിന്നും, പുറത്തുനിന്നും ഉള്ള സുരക്ഷ വെല്ലുവിളികളെ നേരിടാന്‍ മോദി സര്‍ക്കാറിന് സാധിച്ചുവെന്നും രണ്ടാം മോദി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ  വെര്‍ച്വല്‍ റാലിയില്‍ നിതിന്‍ ഗഡ്ഗരി സൂചിപ്പിച്ചു.